തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം കാലുവാരി; അമ്പലപ്പുഴയില്‍ കോണ്‍ഗ്രസില്‍ ഭിന്നത

അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനെ കോൺഗ്രസിലെ ഒരു വിഭാഗം കാലുവാരിയെന്ന ആക്ഷേപം ശക്തമാകുന്നതിനെ തുടർന്ന് കോൺഗ്രസിൽ വിവാദം പുകയുന്നു. ലിജുവിനെതിരെ സേവ് കോൺഗ്രസ് എന്ന പേരിലാണ് മണ്ഡലത്തിലെമ്പാടും ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടത്. അമ്പലപ്പുഴയിൽ മത്സരിക്കാൻ ആഗ്രഹിച്ച ചില നേതാക്കളുടെ ഇടപെടലുകളാണ് ഇതിന് പിന്നിലെന്നാണ് സൂചന.

എന്നാൽ അതിൽ ചിലരെയൊക്കെ ഒഴിവാക്കി മുൻ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ മാത്രം നടപടിയൊതുക്കാനും നീക്കമുണ്ട്. കുഞ്ഞുമോനെതിരെ നടപടിയെടുത്താൽ ഒട്ടേറെ പ്രവർത്തകർ പാർട്ടി വിടുമെന്ന ഭീതിയും നേതൃത്വത്തിനുണ്ട്. ആദ്യഘട്ടത്തിൽ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥികളായി പരിഗണിച്ചത് കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ ഷുക്കൂറിനെയും ഇല്ലിക്കൽ കുഞ്ഞുമോനെയും ആയിരുന്നു. ലിജു കഴിഞ്ഞ തവണ മത്സരിച്ച കായംകുളത്തും സീറ്റ് ഉറപ്പാക്കിയിരുന്നു.

എന്നാൽ അവസാനം ഇരു നേതാക്കളെയും വെട്ടി അമ്പലപ്പുഴയിൽ ലിജു സ്ഥാനാർത്ഥിയായി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിന്റെ ഇടപെടലുകളാണ് ഇതിന് പിന്നിലെന്ന് ഐ ഗ്രൂപ്പിന് ആക്ഷേപം ഉണ്ട്. വേണുഗോപാലിന്റെ വിശ്വസ്തയായ അരിതാ ബാബുവിനെ കായംകുളത്ത് മത്സരിപ്പിക്കാൻ വേണ്ടിയായിരുന്നു ലിജുവിന്റെ മണ്ഡലം മാറ്റമെന്ന് ഐ ഗ്രൂപ്പ് കരുതുന്നു.

രമേശ് ചെന്നിത്തലയുമായി തെറ്റിയ കെ. സി വേണുഗോപാൽ ഇപ്പോൾ ഐ ഗ്രൂപ്പുമായി സഹകരിക്കുന്നില്ല. എന്നാൽ എ ഗ്രൂപ്പിനെയും ഐ ഗ്രൂപ്പിനെയും മൂലയ്ക്കിരുത്തി ജില്ലയിലെ പല സീറ്റുകളിലും കെ. സി യുടെ ഇഷ്ടക്കാരാണ് സ്ഥാനാർത്ഥികളായത്.

24-Apr-2021