ബി.ജെ.പിയുടെ കള്ളപ്പണകടത്ത്; അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കോടികണക്കിന് രൂപ കുഴല്‍പണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് സി.പി.ഐ.എം. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണം. തെരഞ്ഞെടുപ്പിന് മൂന്നു ദിവസംമുമ്പാണ് കുഴല്‍പണമായി ബിജെപിക്ക് പണമെത്തിയത്. ഇതില്‍നിന്നാണ് മൂന്നര കോടിരൂപ കൊള്ളയടിച്ചത്. കേരളത്തില്‍ ഇത്തരം സംഭവം കേട്ടുകേള്‍വിയില്ലാത്തതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.

”പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്. സമാനമായി എല്ലാ ജില്ലകള്‍ക്കും പണമെത്തിക്കാണും. അതിനാല്‍ ഇതേകുറിച്ച് സമഗ്രമായ അന്വേഷണം വേണം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിതന്നെ കള്ളപ്പണത്തിന്റെ ഗുണഭോക്താക്കളാകുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് മുമ്പ് നേട്ടുനിരോധനം ഏര്‍പ്പെടുത്തിയവരുടെ ഈ ചെയ്തി ജനം ചര്‍ച്ച ചെയ്യണം.”

”തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വലിയ തോതില്‍ പണം ഒഴുക്കുന്നതായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയതാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് പണമെത്തിച്ചത്. ഇതിനായി ചില പ്രമുഖര്‍ ദിവസങ്ങളോളം കേരളത്തില്‍ തങ്ങി. പണം വാരിവിതറി വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കലായിരുന്നു ലക്ഷ്യം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബിജെപിയുടെ ആ തന്ത്രം കേരളം അര്‍ഹിക്കുന്ന അവഞ്ജതയോടെ തള്ളിയതായി ബോധ്യപ്പെടും. ബിജെപിക്കാണ് കുഴല്‍പണം കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടും ആ പാര്‍ടിയുടെ പേര് പറയാന്‍ മിക്ക മാധ്യമങ്ങളും മടിക്കുകയാണ്. ” ഈ ഭയം ജനാധിപത്യത്തിനും മാധ്യമ നിഷ്പക്ഷതക്കും ഭൂഷണമല്ലെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

24-Apr-2021