ഓക്സിജന്‍ ലഭ്യതയും ചികിത്സയ്ക്ക് ആവശ്യമുള്ള കിടക്കകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാൻ തീരുമാനം

കൊച്ചി: കോവിഡ്-19 വ്യാപനത്തിൽ ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഓക്സിജന്‍ ലഭ്യതയും ചികിത്സയ്ക്ക് ആവശ്യമുള്ള കിടക്കകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ പങ്കെടുത്ത എറണാകുളം ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തില്‍ തീരുമാനം. ഇനിയുള്ള ദിവസങ്ങളില്‍ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കി, അതനുസരിച്ചുള്ള സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കും.

അതിനടുത്തയാഴ്ച 2000 ഓക്സിജന്‍ കിടക്കകളും ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എല്ലാ താലൂക്കുകളിലും ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാസൗകര്യങ്ങള്‍ ഉറപ്പുവരുത്തും. സ്വകാര്യ ആശുപത്രികളില്‍ 20 ശതമാനം കിടക്കകളെങ്കിലും ചികിത്സയ്ക്കായി മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കും.ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ യോഗം ഇന്ന്ചേരും. ആവശ്യമെങ്കില്‍ ഇ എസ് ഐ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും.

നിലവില്‍ പ്രവര്‍ത്തനക്ഷമമാക്കിയ ആശുപത്രികള്‍,സിഎഫ്‌എല്‍ടിസികള്‍, സി എസ് എല്‍ ടി സി കള്‍, ഡി സി സി കള്‍ എന്നിവക്ക് പുറമേ ആദ്യഘട്ട പ്രതിരോധത്തിന്റെ ഭാഗമായി സജ്ജമാക്കിയ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്യും. പി.വി.എസ് - 120, ആലുവ ജില്ലാ ആശുപത്രി - 100, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -70, പള്ളുരുത്തി - 50, തൃപ്പൂണിത്തുറ - 70, മൂവാറ്റുപുഴ -40, എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വാര്‍ഡ് - 100, കളമശ്ശേരി മെഡിക്കല്‍ കോളേജ്-300, സിയാല്‍ - 150 എന്നിങ്ങനെ നിലവില്‍ ഒരുക്കിയതും പുതുതായി ക്രമീകരിക്കുന്നതുമായ കിടക്കകള്‍ ചേര്‍ത്ത് ലക്ഷ്യം കൈവരിക്കും.

ഒന്നാം ഘട്ടത്തിനു ശേഷം ജില്ലാതല ഏകോപനത്തിനായി സംവിധാനമൊരുക്കിയിട്ടുണ്ട്. മരുന്ന് ലഭ്യതയും ഈ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തും. എറണാകുളം ജനറല്‍ ആശുപത്രിയിലെ ധന്വന്തരി സൊസൈറ്റിയില്‍ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കും. ഉച്ചക്ക് ശേഷമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി. സേവനം നിര്‍ത്തി വെക്കും. നഴ്സുമാരെ കൂടുതലായി താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. കോവിഡ്-19 പരിശോധനാ സാമ്പിളുകള്‍ ശേഖരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പു വരുത്തും.

രോഗികളുടെ എണ്ണം 6 ദിവസം കൊണ്ടാണ് ജില്ലയില്‍ ഇരട്ടിക്കുന്നത്. നാല്‍പതിനായിരം പേര്‍ വരെ ഒരേ സമയം രോഗികളായാലും, ചികിത്സ ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.ഓക്സിജന്‍ ലഭ്യതയും ഇതോടൊപ്പം ഉറപ്പു വരുത്തും. ഇതിനായി എഫ്.എ.സി.ടി, പെട്രോനെറ്റ് എല്‍.എന്‍.ജി, ബി.പി.സി.എല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗിക്കും. കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

25-Apr-2021