കേന്ദ്രത്തെ വിമർശിക്കുന്ന ഒറ്റ ട്വീറ്റും അനുവദിക്കരുതെന്ന് ട്വിറ്ററിനോട് കേന്ദ്രം
അഡ്മിൻ
കോവിഡിന്റെ അതിരൂക്ഷമായ രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന് വന്ന വീഴ്ചകൾ തുറന്നു കാണിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള ഒട്ടേറെ ട്വീറ്റുകൾ എടുത്തുമാറ്റണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് ട്വീറ്റുകൾ തടഞ്ഞുവച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് രാജ്യാന്തര മാധ്യമ ഏജൻസിയോട് വെളിപ്പെടുത്തി.
കോവിഡ് രണ്ടാം വ്യാപനം നേരിടുന്നതിൽ മോദി സർക്കാരിന് സംഭവിച്ച പരാജയങ്ങൾക്കെതിരെ രാജ്യാന്തര മാധ്യമങ്ങൾ അതിരൂക്ഷമായ വിമർശനമാണ് നടത്തിയത്.
ആറാഴ്ചകൾക്ക് മുമ്പ് ഇന്ത്യൻ ജനസംഖ്യയുടെ ഒരു ശതമാനം പോലും വാക്‌സിനേറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ലോകത്തിന്റെ ഫാർമസി എന്നാണ് മോദി ഇന്ത്യയെ കുറിച്ച് പറഞ്ഞത്. മഹാമാരിക്കു മുമ്പുള്ള ജീവിതത്തിലക്ക് തിരിച്ചുപോകാം എന്നും മോദി സൂചനകൾ നൽകി എന്നു ഗാർഡിയൻ എഡിറ്റോറിയലിൽ എഴുതി.
മഹാമാരി അതിരൂക്ഷമായി വ്യാപിക്കുമ്പോഴും ട്രംപിനെ പോലെ മോദിയും ഇലക്ഷൻ പ്രചാരണം തുടരുകയായിരുന്നുവെന്നും ഗാർഡിയൻ കുറ്റപ്പെടുത്തുന്നു.ഇന്ത്യയെ ആഗോള മരുന്നുനിർമാണത്തിലെ ആണിക്കല്ലാകാൻ പാശ്ചാത്യരാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു.എന്നാൽ ഇതു അബദ്ധമായി പോയെന്ന് ഇക്കഴിഞ്ഞ ദിവസം ജർമൻ ചാൻസലർ ആംഗല മെർക്കൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോൾ ചൈനയും അമേരിക്കയും ഇന്ത്യയെക്കാൾ കൂടുതൽ കോവിഡ് വാക്‌സിൻ ഉൽപാദിപ്പിക്കുന്നുണ്ട്. രണ്ടാം വ്യാപനത്തിൽ നട്ടം തിരിയുന്ന ഇന്ത്യയ്ക്കാകട്ടെ സ്വന്തം ജനതയ്ക്കുള്ള വാക്‌സിനു പോലും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയായിരിക്കുന്നുവെന്നും ഗാർഡിയൻ പറയുന്നു.
മോദിയുടെ അമിത ആത്മവിശ്വാസവും വിദ്ഗധൻമാരെന്ന് നടിക്കുന്നവരുടെ വിഡ്ഢിത്തം നിറഞ്ഞ ഉപദേശങ്ങളുമാണ് ഈഅവസ്ഥയിൽ കൊണ്ടെത്തിച്ചതെന്നും ഗാർഡിയന്റെ വിമർശനം തുടരുന്നു.