കൊവിഡ് വ്യാപനം; മോദിക്കെതിരെ വിമർശനവുമായി എ.എ റഹീം

രാജ്യമാകെയുള്ള കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. മോദിയെ ജി.ശങ്കരപ്പിള്ളയുടെ ‘ഉച്ഛാടനം’ എന്ന നാടകത്തിലെ രാജവിനോടുപമിച്ചാണ് റഹീം തന്റെ ഫേസ്ബുക്കില്‍ എഴുതിയത്.

ജി.ശങ്കരപ്പിള്ള എഴുതിയ നാടകമാണ് ‘ഉച്ഛാടനം’. ഇതില്‍ വില കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്ന ആഡംബരപ്രിയനും അല്പനുമായ ഒരു രാജാവ്. നാട്ടിലാണേല്‍ പട്ടിണിയാണ്, കൊടുംപട്ടിണി. വിശന്നു മരിച്ചു വീഴുന്ന പ്രജകള്‍. തെരുവുകളില്‍ വിശക്കുന്നേ എന്ന ഹൃദയം പിളര്‍ക്കുന്ന നിലവിളികള്‍.
രാജാവ് സുഖലോലുപനായി തുടര്‍ന്നു. ഈ അവസ്ഥയിലാണ് രാജ്യം,’ റഹീം ഫേസ്ബുക്കിലൂടെ പറഞ്ഞു.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ഉച്ഛാടനം.
പ്രാണവായുവിനായി പിടയുകയാണ് എന്റെ രാജ്യം.
അവിശ്വസനീയമായ ഇന്ത്യ.
സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വിലക്കെന്ന് വാര്‍ത്തകള്‍ കാണുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ അഭിപ്രായങ്ങള്‍ ട്വിറ്റര്‍ നീക്കം ചെയ്തതായാണ് വാര്‍ത്തകള്‍.

ആശുപത്രി വരാന്തകളിലും, തെരുവിലും, ശ്മാശാനങ്ങളിലും ഇന്ത്യയുടെ കൂട്ടക്കരച്ചിലിലാണ് രാജ്യം ഉണരുന്നതും, ഉറക്കംതെറ്റിയ രാത്രികള്‍ തള്ളിനീക്കുന്നതും. ഭയാനകമായ കാഴ്ചകളില്‍ ഇന്ത്യ വിതുമ്പുന്നു.
ശ്വാസം തേടിയുള്ള മനുഷ്യരുടെ കൂട്ടക്കരച്ചില്‍ കാരണം ഇന്ദ്രപ്രസ്ഥത്തിലെ നീറോ ചക്രവര്‍ത്തിമാരുടെ അന്തപ്പുരങ്ങളില്‍ അസ്വസ്ഥത പുകയുന്നു. വാക്സിന്‍ നിര്‍മ്മിക്കുന്ന സ്വകാര്യ കുത്തകകളുടെ ആഗ്രഹങ്ങള്‍ക്ക് ചുവട്ടില്‍ ഒപ്പിട്ട് ഉറങ്ങാന്‍ കിടന്നതാണ് രാജാവ്. അപ്പോഴാണ്

നാശം നിലവിളികള്‍.. താടിക്കാരന്‍ രാജാവ് ഇനിയെന്തുചെയ്യണം??.
ഈ നാശംപിടിച്ച നിലവിളികള്‍ ലോകത്തിന്റെ മുന്നില്‍ തന്റെ മാനം കളയുന്നു.

നാശങ്ങള്‍,ശ്മാശാനങ്ങളിലെങ്കിലും തിക്കിത്തിരക്കാതെ കരാറുകാര്‍ക്ക് മുന്നില്‍ ക്യൂ നിന്നു കൂടെ? അനുസരണയും അച്ചടക്കവും ഇല്ലാത്ത നിങ്ങള്‍ക്ക് എങ്ങനെ ശക്തമായ രാജ്യത്തെ പൗരന്മാരാകാന്‍ കഴിയും?കഷ്ടം.

ഇനി ഈ കോര്‍പ്പറേറ്റുകളുടെ പ്രിയപ്പെട്ട
സ്വയം സേവകന് മുന്നില്‍ ഒരു വഴിയേ ഉള്ളു. നിലവിളികള്‍ നില്‍ക്കണം,ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അഭിമാനം കാക്കണം.
നിരോധിക്കണം കറന്‍സി നിരോധിച്ചതുപോലെ,
നമുക്ക് നിലവിളികള്‍ നിരോധിക്കാം ജി.

കാലങ്ങള്‍ക്ക് മുന്‍പ് ജി.ശങ്കരപ്പിള്ള എഴുതിയ നാടകമാണ് ‘ഉച്ഛാടനം’.
വില കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്ന ആഡംബരപ്രിയനും അല്പനുമായ ഒരു രാജാവ്. നാട്ടിലാണേല്‍ പട്ടിണിയാണ്, കൊടുംപട്ടിണി. വിശന്നു മരിച്ചു വീഴുന്ന പ്രജകള്‍. തെരുവുകളില്‍ വിശക്കുന്നേ എന്ന ഹൃദയം പിളര്‍ക്കുന്ന നിലവിളികള്‍.
രാജാവ് സുഖലോലുപനായി തുടര്‍ന്നു.

നാശം പിടിച്ച ഇവറ്റകളുടെ നിലവിളി സഹിക്കാനാവുന്നില്ല.രാജാവ് അസ്വസ്ഥനായി.എങ്ങനെയും ഈ ദാരിദ്ര്യം ഉച്ഛാടനം ചെയ്യണം.രാജാവ് അടിയന്തിരമായി സഭ വിളിച്ചു.

നമുക്ക് ഈ നിലവിളികള്‍ നിര്‍ത്തണം.ദാരിദ്ര്യം ഉച്ഛാടനം ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ മന്ത്രിമാരും വിദൂഷകരും തിരുമുന്നില്‍ സമര്‍പ്പിച്ചു..എല്ലാം കേട്ടിരിക്കുന്ന രാജാവ് ഒടുവില്‍ ദാരിദ്ര്യ ഉച്ഛാടനത്തിനുള്ള തന്റെ ബുദ്ധി മുന്നോട്ട് വച്ചു.

വിശക്കുന്നേ എന്ന് ആരും ഇനി നിലവിളിക്കരുത്,വിശപ്പിന്റെ നിലവിളികള്‍ രാജ്യത്തിന് അപമാനമാണ്.നമുക്കത് ഉച്ഛാടനം ചെയ്യണം.
അതിന് അവറ്റകളുടെ നാവറുക്കണം.
സൈന്യം പുറപ്പെടട്ടെ…വിശന്നുകരയുന്നവരുടെ നാവറുക്കണം ..വിശപ്പിന്റെ നിലവിളികള്‍ അവസാനിക്കണം…പട്ടിണി ഉച്ഛാടനം ചെയ്യണം.
തിരുമനസ്സിന്റെ കല്ലേപ്പിളര്‍ക്കുന്ന കല്‍പനയ്ക്ക് പിന്നാലെ കിങ്കരന്മാര്‍ നാവറുക്കാനുള്ള കത്തിയുമായി നാടു ചുറ്റി.അന്നത്തിനായി അലമുറയിട്ടനാക്കുകള്‍ അരിഞ്ഞെടുത്തു.

ഉച്ഛാടനം പുരോഗമിക്കുന്നു…രാജ്യമാകെ നിലവിളികള്‍ രക്തം വാര്‍ന്നൊഴുകി മരിച്ചു വീണു. എന്നാല്‍ ഒരു കഥാപാത്രത്തിന് മുന്നില്‍ രാജകല്പന തോറ്റുപോകുന്നു.അറുത്തുമാറ്റുംതോറും അവന്റെ നാവ് വളരുന്നു….
പ്രാണവായുവിനായി പിടയുന്ന ഇന്ത്യയുടെ നാവറുക്കാനല്ല മുതലാളി ശ്രമിക്കേണ്ടത്.ഓക്സിജനും വാക്സിനും മനുഷ്യന് യഥേഷ്ടം ലഭിക്കാന്‍ വേണ്ട പണിയെടുക്കണം സര്‍.

വാക്സിനും ജീവന്‍ രക്ഷാ മരുന്നും പെട്രോളും ഡീസലും പാചക വാതകവും മുതല്‍ രാജ്യ സുരക്ഷയ്ക്കുള്ള ആയുധങ്ങള്‍ വരെ സകലതും ഇന്ന് അതിസമ്പന്നരായ കമ്പനികള്‍ ഉല്പാദിപ്പിക്കുന്നു.അവര്‍ വിലയിട്ട് വില്‍ക്കുന്നു.

എല്ലാം വിപണിക്ക് വിട്ടു കൊടുത്ത ഈ ഒടുക്കത്തെ സാമ്പത്തികനയം തിരുത്തുകയാണ് വേണ്ടത്.
ജീവവായുവിന് വേണ്ടി രാജ്യത്തെ ക്യൂ നിര്‍ത്തിയ ഭരണാധികാരിയായി ചരിത്രം മോദിയെ രേഖപ്പെടുത്തും.
കമ്പനികളുടെ ലാഭക്കണക്കിലെ അക്കങ്ങള്‍ മാത്രമാണ് ഇന്നത്തെ ഇന്ത്യയിലെ മനുഷ്യര്‍.

ലജ്ജിച്ചു തലതാഴ്ത്തുകയല്ല, പൊരുതാന്‍ തല ഉയര്‍ത്തുകയാണ് രാജ്യം.
ശ്മാശനങ്ങളില്‍ തലകുനിച്ചിരുന്നു കരയുന്ന ഈ മനുഷ്യര്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് തലയുയര്‍ത്തിപ്പായുന്ന കാലം വിദൂരമല്ല.
അറുത്തുമാറ്റുമ്പോഴും, വളരുന്ന നാവുകള്‍ നാടുണര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പാടും.
പ്രാണവായുവിനായി കൈകൂപ്പിനില്‍ക്കുന്ന കൈകള്‍ ഇടിമുഴക്കമായി ഉയര്‍ന്നു താഴും..
നിസ്വരുടെ നിലവിളികള്‍ക്ക് അസാധാരണമായ കരുത്താണ്. കല്ലേപ്പിളര്‍ക്കാന്‍ കരുത്തുള്ള ശക്തി.

25-Apr-2021