സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനും സാധ്യത. ലോക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. തിങ്കളാഴ്ച ചേരുന്ന സർവകക്ഷിയോഗം നിർണായകമാണ്.
ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളോട് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂർണമായ അടച്ചിടലിനോട് എൽ.ഡി.എഫും യോജിക്കില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏതുരീതിയിൽ വേണമെന്നത് ചർച്ചചെയ്യാനും പ്രതിരോധനടപടികൾ ഊർജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചത്.
കോവിഡ് ബാധിച്ചുതുടങ്ങിയ കഴിഞ്ഞവർഷം ഏപ്രിലിലെ സ്ഥിതിയല്ല ഇക്കൊല്ലം ഏപ്രിലിലേത്. അന്ന് ആശുപത്രിയിൽ കിടക്കകൾ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഓക്സിജൻ ലഭ്യത, കോവിഡ് പ്രോട്ടോക്കോൾ എങ്ങനെ നടപ്പാക്കണം എന്നിവയിൽ മുന്നൊരുക്കങ്ങളോ ധാരണയോ ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. ഏതുസാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതിനാൽ അടച്ചിടൽ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.