ഓക്സിജൻ ക്ഷാമം; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം.ബി രാജേഷ്

ഇന്ത്യ അഭിമുഖീകരിക്കുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് എംബി രാജേഷ്. ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടാന്‍ പാര്‍ലിമെന്ററി സമിതി കേന്ദ്രത്തോട് നേരത്തെ നിര്‍ദേശിച്ചിരുന്നുഎന്ന വാര്‍ത്തയോടായിരുന്നു എംബി രാജേഷിന്റെ പ്രതികരണം.

അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കുട്ടിയില്ല.( ക്ഷമിക്കണം ഇന്ധന വിലയും കൂട്ടിയിട്ടുണ്ട്.)
പി. എം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് 551 പ്ലാന്റുകള്‍ ആരംഭിക്കാന്‍ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോള്‍ പണമുണ്ടായിട്ടും നവംബറില്‍ തന്നെ പാര്‍ലിമെന്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല എന്നും എം.ബി രാജേഷ് വിമര്‍ശിച്ചു.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:

വിടുവായന്‍മാര്‍ കാണുന്നുണ്ടോ?
ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാര്‍ത്തകള്‍.

ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടാന്‍ പാര്‍ലിമെന്ററി സമിതി നവംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിന്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നല്‍കി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കുട്ടിയില്ല.( ക്ഷമിക്കണം ഇന്ധന വിലയും കൂട്ടിയിട്ടുണ്ട്.)

പി എം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് 551 പ്ലാന്റുകള്‍ ആരംഭിക്കാന്‍ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോള്‍ പണമുണ്ടായിട്ടും നവംബറില്‍ തന്നെ പാര്‍ലിമെന്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നു. ന്യായീകരണവാലകള്‍ നാവിട്ടലക്കുകയായിരുന്നു.

3.80 ടണ്‍ ഓക്‌സിജന്‍ സൗദി ഇന്ത്യക്ക് സൗജന്യമായി നല്‍കുമെന്ന വാര്‍ത്ത കൂടിയുണ്ട്.
പക്ഷേ ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു വലയുന്നു ചില വിടുവായന്‍മാര്‍. ന്യായീകരണ യജ്ഞത്തില്‍ പങ്കെടുത്തു തളര്‍ന്ന ആ വിടുവായന്‍മാരെ ഒന്ന് വിശ്രമിക്കാന്‍ അയക്കണം. അന്തമാനിലേക്കല്ല.അഹമ്മദാബാദിലേയ്ക്ക്. അല്ലെങ്കില്‍ യോഗിയുടെ യു.പി.യിലേക്ക്. ശ്വാസം ബാക്കിയുണ്ടെങ്കില്‍ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ.

ഇന്ത്യയില്‍ ഓക്‌സിജന്‍ അപര്യാപ്തത ഇല്ലെന്ന് കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ഏഷ്യനെറ്റ് ന്യൂസ് ചര്‍ച്ചയിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ ഓക്സിജന്റെ ഷോര്‍ട്ടേജ് ഇല്ല. ഓക്സിജന്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളുടെ കുറവാണ് രാജ്യത്തുള്ളത്. ഇക്കാര്യം ആരോഗ്യ വിദഗദ്ധര്‍ വരെ പറയുന്ന കാര്യമാണ്. ഇന്ത്യയില്‍ വ്യവസായിക ആവശ്യത്തിനുള്ള ഓക്സിജനാണെങ്കിലും മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്സിജന്റെ ലഭ്യതയാണെങ്കിലും ആവശ്യത്തിലധികമുണ്ട്. എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

26-Apr-2021