സൗദിക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഓക്‌സിജൻ കണ്ടെയ്‌നർ അയച്ച് യുഎഇ

സൗദിക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഓക്‌സിജൻ കണ്ടെയ്‌നർ അയച്ച് യുഎഇയും. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നെത്തിയ വിമാനത്തിൽ ക്രയോജനിക് ഓക്‌സിജൻ ടാങ്കുകൾ അയച്ചത്. ഇക്കാര്യം യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ സ്ഥിരീകരിച്ചു.

എയർഫോഴ്‌സിന്റെ സി 17 വിമാനത്തിലാണ് ഓക്‌സിജൻ കണ്ടെയ്‌നറുകൾ അയച്ചത്. കഴിഞ്ഞ ദിവസം സൗദിയിൽനിന്ന് 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും അയച്ചിരുന്നു. യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദgല്ല ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഓക്‌സിജൻ കണ്ടെയ്‌നർ അയക്കാനുള്ള വിമാനം ഇന്ത്യയിൽനിന്ന് ദുബൈയിലെത്തിയത്.

യുഎഇയുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ സ്ഥാപനങ്ങൾ ഞായറാഴ്ച ദേശീയപതാകയുടെ നിറമണിഞ്ഞിരുന്നു. ബുർജ് ഖലീഫയും ഐക്യദാർഢ്യത്തിൽ വിളക്കണിഞ്ഞു. പ്രളയകാലത്തും ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ സഹായം എത്തിച്ചിരുന്നു.

27-Apr-2021