അശ്വതിക്ക് ആദരാഞ്ജലികൾ അര്‍പ്പിച്ച് ശൈലജ ടീച്ചർ

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതിക്ക് (24) ആദരാഞ്ജലികളർപിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ.ക ശൈലജ. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍ടിഇപി ലാബ് ടെക്‌നീഷ്യനായിരുന്ന അശ്വതി കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം കൂടിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവെയാണ് അവർ മരണപ്പെട്ടത്. വൃക്കസംബന്ധമായ അസുഖവും അവർക്കുണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണെന്നും അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു.


“വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു,” ആരോഗ്യ മന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു.

27-Apr-2021