നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്: മുഖ്യമന്ത്രി

രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എന്നിവിടങ്ങളിൽ പരിശോധന സംവിധാനം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓക്സിജൻ ലഭ്യതയും യോ​ഗം വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ:

രോ​ഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെ‍ഡുകളുടെ എണ്ണം വ‍ർദ്ധിപ്പിക്കും. എല്ലാ ആശുപത്രികളിലും സിഎഫ്എൽടിസികളിലും ഓക്സിജൻ സപ്ലൈ ഉറപ്പാക്കും. ഇഎസ്ഐ കോർപ്പറേഷൻ കീഴിലെ ആശുപത്രികളിലെ ബെഡുകൾ ഓക്സിജൻ ബെഡുകളാക്കി മാറ്റും. ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരി​ഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വ‍ർദ്ധിപ്പിച്ചു.

ആരോ​ഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നമായി മുന്നിലുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 13625 പേ‍ർ കൊവിഡ് ബ്രി​ഗേഡിൻ്റെ ഭാ​ഗമാക്കിയിട്ടുണ്ട്. ഇതും പോരാത്ത അവസ്ഥയാണ്. കൂടുതൽ പേർ കൊവിഡ് ബ്രി​ഗേഡിലേക്ക് വരണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ സേവനസന്നദ്ധരായി രം​ഗത്ത് വന്ന് കൊവിഡ് ബ്രി​ഗേഡിൽ രജിസ്റ്റർ ചെയ്യണം.

സംസ്ഥാനത്ത് ആകെയുള്ള ചിത്രം സ്ഥിതി​ഗതികൾ രൂക്ഷമാവുന്നു എന്നാണ്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ട്. 51 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സു​ഗമമായി നടക്കുന്നുണ്ട്. മാസ് വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ സ്പെഷ്യൽ തഹ​സിൽദാർ റാങ്കിലുള്ള ഉദ്യോ​ഗസ്ഥനെ നിയമിക്കും.

27-Apr-2021