വാക്‌സിന്‍ വില: നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി

രാജ്യത്തെ വ്യത്യസ്ത വാക്‌സിന്‍ വിലയില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി നിദേശിച്ചു. വാക്‌സിന്‍ വില നിര്‍ണയിക്കാന്‍ അവലംബിച്ച യുക്തിയും മാര്‍ഗവും എന്താണെന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തിന്റെ വാക്‌സിന്‍ ആവശ്യകത എത്രയെന്ന് അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി, അധികാരം പ്രയോഗിക്കേണ്ടക് ഇപ്പോഴല്ലേയെന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. പല ഉത്പാദകര്‍ പല വില ഈടാക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സാവകാശം വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി. തന്നെ സഹായിക്കുന്ന പലരും കൊവിഡ് ബാധിതരാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ വാദം അംഗീകരിച്ച സുപ്രിംകോടതി കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

27-Apr-2021