പ്രവാസികൾക്ക് തിരിച്ചടിയായി നേപ്പാൾ തീരുമാനം

നേപ്പാൾ വഴി വിവിധ ഗൾഫ് രാജ്യങ്ങളിലെത്താനുള്ള സാധ്യതയും പ്രവാസികൾക്ക് മുൻപിൽ അടയുന്നു. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് നേപ്പാൾ വിദേശികൾക്ക് വിലക്കേർപ്പെടുത്തി. ഉത്തരവ് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നേപ്പാൾ വഴി മറ്റുരാജ്യങ്ങളിലേക്ക് പോകുന്നതിന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കാണ് വിലക്ക്.

നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗൾഫ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വിലക്ക് തിരിച്ചടിയാകും. അതേസമയം, നിലവിൽ നേപ്പാളിൽ എത്തിയവർക്ക് തീരുമാനം ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തയില്ല.

എന്നാൽ, നേപ്പാളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് നിയന്ത്രണമില്ല. നേപ്പാൾ വഴി യാത്ര ചെയ്യുന്ന വിദേശികൾക്ക് കോവിഡ് പിസിആർ ടെസ്റ്റ് നിർത്തിവയ്ക്കാൻ നേപ്പാൾ ആരോഗ്യ മന്ത്രാലയം ലാബുകൾക്ക് നിർദേശം നൽകിയിരുന്നു

28-Apr-2021