കുഴൽപ്പണ കേസ്; ബി.ജെ.പി നിലപാടില്‍ പ്രതികരിച്ച് എ .വിജയരാഘവന്‍

കൊടകരയിൽ നടന്ന ബി.ജെ.പിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ബി.ജെ.പി നിലപാടില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. നിയമ നടപടി ആര്‍ക്കും സ്വീകരിക്കാമെന്നും വസ്തുതകള്‍ മുന്നിലുണ്ടെന്നാണ് വിജയരാഘവന്‍ പ്രതികരിച്ചത്.

അന്വേഷണം നടന്ന് തെളിവുകള്‍ പുറത്ത് വരുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകും. വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, കേസില്‍ രണ്ട് പേരെ കൂടി പിടികൂടാനുള്ളതായി തൃശൂര്‍ റേഞ്ച് ഡി. ഐ. ജി എ അക്ബര്‍ പറഞ്ഞു.

പ്രതികള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. 2 പേരെ കൂടി കിട്ടിയാല്‍ ഇതില്‍ വ്യക്തത വരും. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നും ഡി.ഐ.ജി വ്യക്തമാക്കി.

28-Apr-2021