സംസ്ഥാനം സ്വന്തം നിലയിൽ ഒരു കോടി ഡോസ് വാക്സിൻ വാങ്ങും
അഡ്മിൻ
സംസ്ഥാനത്തെ വാക്സിനേഷൻ പദ്ധതിക്കായി ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്സിനും മുപ്പത് ലക്ഷം കൊവാക്സിനും വാങ്ങാനാണ് തീരുമാനമായത്.
കൂടുതൽ വാക്സിനായി കേന്ദ്രത്തോട് പലപ്പോഴും ആവശ്യപെട്ടെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയിൽ വാക്സിൻ വാങ്ങാനുള്ള നടപടികൾ സംസ്ഥാനം മുന്നോട്ടുവച്ചത്. മെയ് മാസത്തിൽ 10 ലക്ഷം ഡോസ് വാക്സിൻ കേരളത്തിൽ എത്തിക്കാമെന്ന് വാക്‌സിൻ നിർമാതാക്കൾ സര്‍ക്കാരിന് ഉറപ്പ് നൽകിയെന്നാണ് സൂചന.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഉടൻ ഒരു ലോക്ക് ഡൗണ്‍ വേണ്ട എന്ന ധാരണയിൽ എത്തി. നിലവിൽ ശനി,ഞായര്‍ ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കര്‍ഫ്യൂവും ഉണ്ട്.
നിലവിൽ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങൾ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ എന്ന സാധ്യത പരിശോധിച്ചാൽ മതിയെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ തീരുമാനം.