എല്ലാവർക്കും സൗജന്യ വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

വാക്സീൻ വിലക്ക് വാങ്ങുന്ന കാര്യം ചർച്ച ചെയ്യാനും വാങ്ങാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. എല്ലാവർക്കും സൗജന്യ വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 70 ലക്ഷം ഡോസ് വാങ്ങാൻ 294 കോടി ചെലവാകും. 400 രൂപയാണ് ഡോസിന് അവർ ഈടാക്കുന്ന വില. പുറമെ അഞ്ച് ശതമാനം ജിഎസ്ടിയും വരുംമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

ഭാരത് ബയോടെകിൽ നിന്ന് 600 രൂപ നിരക്കിൽ ജിഎസ്ടിയടക്കം 30 ലക്ഷം വാങ്ങാൻ 189 കോടി രൂപ ചെലവ് വരും. വാക്സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ കൊടുക്കാവുന്ന വിധത്തിൽ വാക്സിൻ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു. ഇപ്പോൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വില ഈടാക്കി വാക്സീൻ നൽകാനാണ് കേന്ദ്രം അനുവാദം നൽകിയിരിക്കുന്നത്. കേന്ദ്രത്തിന് നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും. വാക്സീൻ ലഭിക്കുമെന്ന് ഉറപ്പാക്കണം. വീണ്ടും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.

ദ്രവീകൃത ഓക്സിജൻ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യത്തിനുണ്ട്. എന്നാൽ ആവശ്യം വർധിക്കാൻ ഇടയുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ളതേ പുറത്തേക്ക് അയക്കാവൂ എന്ന് നിലപാട് എടുത്തിട്ടുണ്ട്. കോടതികളിൽ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ ഈ നിലപാട് അറിയിക്കും.

തീവ്ര നിലയിലുള്ള ഇടപെടൽ ചില ജില്ലകളിലുണ്ട്. ആലപ്പുഴയിൽ കൊവിഡ് ചികിത്സയ്ക്ക് അധികമായി 1527 കിടക്കകൾ കൂടി സജ്ജമാക്കി. 4339 കിടക്കകളാണ് ജില്ലയിലാകെ സജ്ജമാക്കിയത്. 399 അധ്യാപകരെ കൂടി കൊവിഡ് നിയന്ത്രണത്തിന് ആലപ്പുഴയിൽ നിയോഗിച്ചു

തൃശ്ശൂരിൽ 21 പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിൽ ടിപിആർ. പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊല്ലത്ത് പരിശോധന കാര്യക്ഷമമാക്കാൻ 93 സർക്കിൾ ഓഫീസർമാരെ നിയോഗിച്ചു.

വയനാട്ടിൽ ഉയർന്ന ടിപിആർ റിപ്പോർട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം തുടരുന്നു. കർണാടകയിൽ രണ്ടാഴ്ചത്തേക്ക് 27 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് അവിടെ പ്രവേശനം. പൊതു-സ്വകാര്യ വാഹനങ്ങൾക്ക് കർണാടകയിലേക്ക് പോകാൻ അനുവാദം ഇല്ല. അടിയന്തിര സാഹചര്യത്തിലേ കർണാടകയിലേക്ക് വാഹനങ്ങൾക്ക് പോകാനാവൂ.

ടിപിആർ ഗണ്യമായി ഉയരുന്നത് കോട്ടയത്ത് ആശങ്ക വർധിപ്പിച്ചു. 71 പഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളുമുള്ള കോട്ടയത്ത് 58 തദ്ദേശ സ്ഥാപനത്തിൽ ടിപിആർ 20 ന് മുകളിലാണ്. ആറിടത്ത് 40 ന് മുകളിലാണ് ടിപിആർ

കാസർകോട് കൊവിഡ് തീവ്ര വ്യാപനം നേരിടാനുള്ള മുന്നൊരുക്കത്തിനായി 59 വെന്റിലേറ്റർ 114 ഐസിയു കിടക്ക, ആയിരത്തിലേറെ ഓക്സിജൻ കിടക്കകൾ എന്നിവ സജ്ജമാക്കി. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ആവശ്യമെങ്കിൽ 50 സെന്റ് ഭൂമി അനുവദിക്കും. തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ അഞ്ച് സെഷൻ ക്രമീകരിച്ചു. കോഴിക്കോട്ടെ പട്ടിക വർഗ കോളനികളിൽ ടെസ്റ്റിനും വാക്സീനേഷനും പ്രത്യേക സൗകര്യം ഏർപ്പെടുത്തും.

28-Apr-2021