സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം ഏർപ്പെടുത്തും

കൊവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തിൽ അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പുതിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. അടിയന്തര ഘട്ടത്തിൽ ആയുർവേദ ആശുപത്രികൾ കൊവിഡ് ചികിത്സ കേന്ദ്രങ്ങൾ ആക്കും. ഒന്നാം തരംഗത്തിൽ നിന്ന് വ്യത്യസ്തമായി അടുത്ത സമ്പർക്കത്തിലൂടെ അല്ലാതെയും രോഗം പകരും. വാക്സിനേഷൻകേന്ദ്രങ്ങളിലും പരിശോധന കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം ഏർപ്പെടുത്തും. 4ാം തീയതി മുതൽ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണം ഏ‍ര്‍പ്പെടുത്തും. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഉണ്ടാകും. വിശദാംശം പിന്നീട് നൽകും. അതേപോലെ ചില കാര്യങ്ങൾ ഡിസാസ്റ്റ‍ര്‍ മാനേജ്മെന്റ് ആക്ട് ഉപയോഗിക്കേണ്ടി വരുന്നു. അത്തരം ഇടത്ത് അത് ഉപയോഗിക്കും. ഓക്സിജൻ ഗതാഗതത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തും. പൊലീസ് അക്കാര്യത്തിൽ ഫലപ്രദമായി ഇടപെടും. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ഇപ്പോൾ ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രവ‍ര്‍ത്തിക്കുന്നുണ്ട്.

വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി ഇക്കാര്യത്തിൽ ഉൾപ്പെടുത്തി. ഓക്സിജൻ സിലിണ്ടറുമായി പോകുന്ന വാഹനങ്ങളിൽ ഓക്സിജൻ എമ‍ര്‍ജൻസി സ്റ്റിക്ക‍ര്‍ പതിക്കണം. മുൻവശത്തും പിൻവശത്തും വ്യക്തമായി കാണാനാവണം. തിരക്കിൽ വാഹനം പരിശോധന ഇല്ലാതെ വേഗം കടത്തിവിടാൻ ഇത് സഹായിക്കും. മരുന്നുകളും മെഡിക്കൽ ഉപകരണവുമായി പോകുന്ന വാഹനങ്ങളിലും ഇത്തരത്തിൽ സ്റ്റിക്കര്‍ പതിക്കണം.

ഓക്സിജൻ ഉൽപ്പാദകരുടെ യോഗം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തി. ലഭ്യത ഉറപ്പാക്കാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ‍ര്‍ ഉൾപ്പെട്ട ഓക്സിജൻ വാ‍ റൂം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഉണ്ടാക്കും.

പത്തനംതിട്ടയിൽ വിവിധ സ്ഥലങ്ങളിൽ അതിഥി തൊഴിലാളി ക്യാംപുകളിൽ ആരോഗ്യ സംവിധാനം കൂടുതലായി ഉറപ്പാക്കി. അതിഥി തൊഴിലാളികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്സീൻ ലഭ്യമാക്കുന്നത് പരിഗണിക്കും. ഇഷ്ടിക കളങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കിടയിലും രോഗവ്യാപനമുണ്ട്. ഇവിടെ ക്വാറന്റൈൻ ഉറപ്പാക്കാൻ നിര്‍ദ്ദേശം നൽകി. സാമൂഹിക വ്യാപനം ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. ബാങ്കുകളുടെ പ്രവര്‍ത്തി സമയം ഉച്ചക്ക് രണ്ട് വരെ നിജപ്പെടുത്തിയതാണ്.

എന്നാൽ ചില ബാങ്കുകളുടെ ഏതാനും ശാഖകൾ ഇതിന് ശേഷവും പ്രവര്‍ത്തിക്കുന്നു. ചിലവ ഓഫീസിലെ പ്രവര്‍ത്തനം രണ്ട് മണിക്ക് അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസിന് പുറത്ത് ജോലിക്ക് നിശ്ചയിക്കുന്നു. അതിന് ടാര്‍ജറ്റ് നിശ്ചയിച്ച് ക‍ര്‍ക്കശമാക്കുന്നു. അത് ശരിയല്ല. ബാങ്കുകൾ രണ്ട് മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം.

29-Apr-2021