എക്‌സിറ്റ് പോളുകൾ സത്യമായാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ ദുരന്തം

കേരളത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോൾ സർവേകൾ സത്യമായാൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ ദുരന്തം. പരാജയം സംസ്ഥാനതലത്തിൽ കോൺഗ്രസിൽ നേതൃമാറ്റത്തിന് തന്നെ കളമൊരുക്കും.

പരാജയമുണ്ടായാൽ രാജിയ്‌ക്കായുളള മുറവിളി ഉയരും മുമ്പേ തന്നെ മുതിർന്ന നേതാക്കൾ പലരും രാജിവച്ച് ഒഴിയുക മാത്രമല്ല സംസ്ഥാന രാഷ്‌ട്രീയത്തിലെ മുൻനിരയിൽ നിന്നു തന്നെ അപ്രത്യക്ഷരാകും.അങ്ങനെയെങ്കിൽ കോൺഗ്രസിനെ നയിക്കാൻ യുവനിര രംഗത്തെത്തും. എൽ.ഡി.എഫ് നൂറ്റിപത്തും കടന്നുപോയാൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി ലീഗായി മാറും. അങ്ങനെയെങ്കിൽ പ്രതിപക്ഷ സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് വിട്ടുകൊടുക്കേണ്ടി വരുന്ന ദയനീയ സ്ഥിതി കോൺഗ്രസിന് ഉണ്ടാകും.

കേരളത്തിൽ ഭരണം കിട്ടിയില്ലെങ്കിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും വലിയ തിരിച്ചടിയാകും. ഇപ്പോൾ തന്നെ ഹൈക്കമാൻഡിനെതിരെ ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന മുതിർന്ന നേതാക്കളുടെ വിമത നിര സംഘടന തിരഞ്ഞെടുപ്പിന് വേണ്ടിയുളള മുറവിളി ശക്തമാക്കും. കേരളത്തിൽ അധികാരം പിടിക്കാനായില്ലെങ്കിൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമേ ഇല്ലെന്ന തരത്തിലേക്ക് കാര്യങ്ങൾ മാറും.
സി.പി.എമ്മിനെ നേരിടുന്നതിന് പകരം നേതാവിനെ കേന്ദ്രീകരിച്ചുളള ഈ ക്യാമ്പയിൻ പിണറായിക്ക് കൂടുതൽ സ്വീകാര്യതയാണ് നൽകിയതെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. പ്രളയത്തിനും കൊവിഡിനും ശേഷം പിണറായിക്ക് സമൂഹത്തിൽ നല്ല ഇമേജുണ്ട് എന്ന കാര്യം മറന്നുളള ക്യാമ്പയിൻ ദോഷം ചെയ്‌തെന്നാണ് എക്‌സിറ്റ് പോൾ കഴിഞ്ഞുളള സംസാരം.

30-Apr-2021