മാറ്റിവെച്ച ശമ്പളം ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും: തോമസ് ഐസക്
അഡ്മിൻ
കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം (മെയ് മാസം കൈയിൽ ലഭിക്കുന്ന ശമ്പളം) ലഭിക്കില്ലായെന്ന് മലയാള മനോരമയിൽ വാർത്ത കണ്ടു എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.
കേരള കൗമുദിയാവട്ടെ ലഭിക്കുമോയെന്ന ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. ഒരാശങ്കയ്ക്കും വകയില്ല. മാറ്റിവച്ച ശമ്പളം അഞ്ചു ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ മാറ്റമില്ല. ആദ്യ ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുകയും ചെയ്യും. അതു താത്പര്യമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകാനും അവസരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ രണ്ടു മാസങ്ങളായി ട്രഷറി സംവിധാനങ്ങൾ പുതിയ സർവ്വറിലേയ്ക്കു മാറ്റുന്നതിനുള്ള വളരെയേറെ തിരക്കുകൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞ മന്ത്രി, പുതുക്കിയ ശമ്പളം ഡിഎ അരിയർ എന്നിവയുമായി ബന്ധപ്പെട്ട സോഫ്ട്‍വെയർ പരിഷ്കരിക്കുന്ന നടപടികൾ കാരണം ശമ്പളം തിരിച്ചു നൽകേണ്ട സോഫ്ട്‍വെയർ പരിഷ്കരണം അൽപ്പം വൈകിയെന്നതും ശരിയാണെന്ന് സമ്മതിച്ചു. എന്നാൽ തിങ്കളാഴ്ച മുതൽ ഇതിനായുള്ള സംവിധാനം നിലവിൽ വരും. മെയ് മാസത്തെ ശമ്പള ബില്ലുകൾ മാറിയതിനു ശേഷം ശേഷം ആദ്യ ഗഡു വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം മാറ്റിവച്ച ശമ്പളത്തിന്റെ ഗഡുക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണമെന്ന് എൻജിഒ യൂണിയൻ അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന സർക്കാർ അനുകൂലമായി പരിഗണിക്കുകയുണ്ടായി. കാബിനറ്റ് തീരുമാനമനുസരിച്ച് ടി തുക ദുരിതാശ്വാസ നിധിയിലേക്ക് അടക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ജീവക്കാർക്ക് തിരികെ നൽകുന്ന അഞ്ച് ഗഡുക്കളിൽ നിന്ന് താത്പര്യമുള്ള അത്രയും ഗഡുക്കൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനുള്ള സമ്മതപത്രം എഴുതി നൽകിയാൽ സമ്മതപത്രം ഡിഡിഒ പരിശോധിച്ച് സമ്മതം തന്ന ഗഡുക്കൾ പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം.
ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടിട്ടും സർക്കാർ സ്വീകരിച്ച തീരുമാനം സമയബന്ധിതമായി നടപ്പാക്കിയ ട്രഷറിയിലെയും സ്പാർക്കിലെയും ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.