രാജ്യത്ത് വാക്സിനേഷന്‍ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

ഇന്ത്യയില്‍ 18-45 വയസിനിടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ പ്രക്രിയകള്‍ക്ക് ഇന്ന് തുടക്കമാകും. അതേസമയം, പല സംസ്ഥാനങ്ങളിലും വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്. മധ്യപ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവടങ്ങളില്‍ വാക്സിനേഷന്‍ മുടങ്ങുമെന്ന് സര്‍ക്കാരുകള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആവശ്യമായ വാക്സിനെത്തിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് സാധിക്കാത്തതാണ് കാരണം. വാക്സിന്‍ സ്വീകരിക്കുന്നതിനായി ആരും ക്യൂ നില്‍ക്കേണ്ടതില്ല എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞത്. ഡല്‍ഹിയില്‍ വാക്സിനില്ല എന്നും കമ്പനികളുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

സമാനസാഹചര്യമാണ് മഹാരാഷ്ട്രയിലും. വാക്സിന്‍ക്ഷാമം മൂലം മുംബൈയില്‍ മേയ് രണ്ട് വരെ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. 100 ലധികം സെന്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്നു. കേരളത്തിലും വാക്സിന് ക്ഷാമം നേരിടുന്നുണ്ട്. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും മുന്‍ഗണന നല്‍കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു കോടിയിലധികം വാക്സിന്‍ ഡോസ് നല്‍കിയതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. മേയ് രണ്ടിനകം 86 ലക്ഷം വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം.

01-May-2021