ബി.ജെ.പിയുടെ കുഴൽപ്പണ കവർച്ചയില്‍ ഉന്നത നേതാക്കൾക്കും പങ്കുണ്ട്: സി.പി.ഐ.എം

തൃശൂർ കൊടകര കുഴൽപ്പണക്കേസിൽ ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്ക് കൂടുതൽ വെളിപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.ചെറിയ മീനുകൾ മാത്രമാണ് പിടിയിലായിട്ടുള്ളത്. ഇതിന് പിന്നിൽ ഉന്നത ബി.ജെ.പി നേതാക്കൾക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് കുഴൽപ്പണം കടത്തിയത്.

തീവ്രവർഗ്ഗീയ പ്രവർത്തനങ്ങൾക്കും ബി.ജെ.പി കുഴൽപ്പണം കടത്തുന്നുണ്ടെന്ന സംശയവുമുയർന്നിട്ടുണ്ട്. നോട്ടുനിരോധനം കള്ളപ്പണം കണ്ടെത്താനാണെന്ന് പ്രഖ്യാപിച്ച ബി.ജെ.പി തന്നെ, കള്ളപണത്തിന്റെ വാഹകരായത് ആ പാർട്ടിയുടെ ജീർണതയ്ക്കും രാജ്യ വിരുദ്ധ പ്രവർത്തനത്തിനും തെളിവാണ്. ആർ.എസ്.എസിന്റെ അറിവോടെയാണ് കള്ളപ്പണമിടപാട് നടന്നത്. മൂന്നരക്കോടിയുടെ കള്ളപ്പണം കൊള്ളയടിച്ച സംഭവം പുറത്തു വന്നപ്പോൾ തന്നെ ബി.ജെ.പി ഉന്നത ബന്ധം സി.പി.എം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, സിപി.എമ്മിനെതിരെ കേസ് കൊടുക്കുമെന്ന് ബി.ജെ.പി നേതൃത്വം ഭീഷണിപ്പെടുത്തി. കുഴൽപ്പണം കടത്തിയതിന് പിന്നിൽ ഒരു ദേശീയ പാർട്ടിയെന്ന് മാത്രം പറഞ്ഞ് ബി.ജെ.പി ബന്ധം മറച്ചുവച്ച മാദ്ധ്യമങ്ങളും വൈകിയാണെങ്കിലും ബി.ജെ.പിയുടെ പേര് പറയാൻ നിർബന്ധിതരായി.

കേരളത്തിലും പുറത്തുമുള്ള ബി.ജെ.പി ഉന്നത നേതാക്കളുടെ കാർമ്മികത്വത്തിലാണ് തിരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്ന് കള്ളപ്പണമെത്തിച്ചത്. കേരളത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചത് കർണാടകയിൽനിന്നുള്ള ബി.ജെ.പി നേതാക്കളും മന്ത്രിമാരുമായിരുന്നു. കേരളത്തിലെത്തിച്ച പണത്തിന്റെ ഒരു ഭാഗം മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്. അതിലും വലിയ തുക ബി.ജെ.പി നേതാക്കൾക്ക് ലഭിച്ചു കാണും.

പരാതിയില്ലാതെ തന്നെ കള്ളപ്പണമിടപാട് അന്വേഷിക്കേണ്ട എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും , റവന്യു ഇന്റലിജൻസും. പരാതി കിട്ടിയിട്ട് പോലും സംഭവമറിഞ്ഞ മട്ടില്ല. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ അടിമത്തവും ഇരട്ട മുഖവുമാണിവിടെ തെളിയുന്നതെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.

01-May-2021