നിയമസഭാ തിരഞ്ഞെടുപ്പിൽ 140 ൽ 100 സീറ്റുകളും നേടി കേരളത്തിന്റെ ഭരണത്തുടർച്ച എൽ.ഡി.എഫ് ഉറപ്പാക്കി. യു.ഡി.എഫ് ചരിത്രത്തിലെ അതിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് ഏറ്റുവാങ്ങി 40 സീറ്റുകളിലൊതുങ്ങി. വലിയ അവകാശവാദങ്ങളുമായെത്തിയ ബിജെപിയുടെ അക്കൗണ്ടും കേരള ജനത പൂട്ടിച്ചു.
ഗുരുതരമായ ആരോപണങ്ങളെയും രാഷ്ട്രീയ പ്രതിസന്ധികളെയും നേരിട്ടാണ് പിണറായി വിജയൻ ഏറെക്കുറെ ഒറ്റയ്ക്ക് മിന്നുന്ന വിജയത്തിലേക്ക് ഇടതുമുന്നണിയെ നയിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ ദയനീയ പരാജയമാണ് യുഡിഎഫ് ഇത്തവണ ഏറ്റുവാങ്ങിയത്. ലൈഫ് മിഷൻ,കിഫ്ബി തുടങ്ങിയവയ്‌ക്കെതിരെ നടത്തിയ നീക്കങ്ങളുടെ പേരിൽ വികസനവിരുദ്ധരായി പ്രതിപക്ഷത്തെ ചിത്രീകരിക്കുന്നതിൽ ഭരണപക്ഷം വിജയിച്ചു.
മഹാമാരിക്കാലത്ത് സർക്കാരിന്റെ പ്രവർത്തനത്തിന് തുരങ്കം വയ്ക്കുന്നതായാണ് ഇതെല്ലാം ജനത്തിന് അനുഭവപ്പെട്ടത്.ആരോപണങ്ങൾക്കൊന്നും വാർത്തസമ്മേളനങ്ങൾക്കപ്പുറം ആയുസുണ്ടായില്ല.അടിത്തട്ടിൽ നിർജീവമായ കോൺഗ്രസിന്റെ സംഘടനാ സംവിധാനം കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
ബി.ജെ.പിയാവട്ടെ രാജ്യം ഭരിക്കുന്ന ഒരു പാർട്ടിക്ക് സംസ്ഥാനതലത്തിൽ വിശ്വാസ്യതയുള്ള ഒരു നേതാവ് പോലും ഇല്ലന്നെതിന് ഇപ്പോൾ നേടിയ ഈ വട്ടപ്പൂജ്യം തെളിവാണ്. ഇ. ശ്രീധരനെയും സുരേഷ് ഗോപിയെയും ഒക്കെ ഇറക്കിയുള്ള ചില ഗിമ്മിക്കുകൾ മാത്രം കൊണ്ട് കേരളത്തിലെ രാഷ്ട്രീയ ചിത്രത്തിൽ എന്തെങ്കിലും അടയാളപ്പെടുത്തലുകൾക്ക് രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഇനിയും കഴിയില്ല എന്നവർ മനസിലാക്കുന്നില്ല.