ബി.ജെ.പിയുടെ തോൽവിക്ക് പിന്നാലെ ഒ. രാജഗോപാലിന് എതിരെ സൈബർ ആക്രമണം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ ഒ. രാജഗോപാലിന് എതിരെ സൈബർ ആക്രമണം.ജനവിധി മാനിക്കുന്നു എന്ന രാജഗോപാലിന്റെ പോസ്റ്റിലാണ് അധിക്ഷേപ വർഷം. 'ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മതിദായർക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച്‌ പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച്‌ കരുത്തോടെ മുന്നോട്ടുപോകും...'എന്നായിരുന്നു രാജഗോപാലിന്റെ പോസ്റ്റ്.

ബി.ജെ.പിയുടെ തോൽവിയിലേക്ക് നയിച്ചതിന് പിന്നിൽ ഒ. രാജഗോപാലിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് ഒരുവിഭാഗം സംഘപരിവാർ പ്രൊഫൈലുകൾ നേതാവിന് എതിരെ തിരിഞ്ഞിരിക്കുന്നത്.ഈ പോസ്റ്റിന് താഴെ രൂക്ഷ ഭാഷയിലുള്ള പ്രതികരണങ്ങളാണ് രംഗത്തുള്ളത്.

നേമത്ത് ബി.ജെ.പിക്ക് വിജയ സാധ്യതയില്ല എന്ന തരത്തിലുള്ള ഒ. രാജഗോപാലിന്റെ പരാമർശങ്ങൾ പാർട്ടിയെ പ്രതികൂലമായി ബാധിച്ചു എന്നാണ് ബി.ജെ.പി പ്രവർത്തകർ ആരോപിക്കുന്നത്. കേരളത്തിൽ ബി.ജെ.പിക്ക് വേരുറപ്പിക്കാൻ സാധിക്കാത്തതിന് പിന്നിൽ സംസ്ഥാനത്തെ ഉയർന്ന സാക്ഷരത കാരണമാണ് എന്നും കെ. മുരളധീരനെയും പിണറായി വിജയനെയും പ്രശംസിച്ചുമൊക്കെ രാജഗോപാൽ പ്രസ്താവനകൾ നടത്തിയിരുന്നു.

03-May-2021