പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനവും പാലിക്കും: എ. വിജയരാഘവൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയത് ചരിത്രവിജയമെന്ന് സി.പിഐ..എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. വികസനത്തിന് തുരങ്കം വച്ചവർക്ക് ജനം തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയെന്നും എ വിജയരാഘവൻ പറഞ്ഞു. ഭരണത്തുടർച്ച ഇല്ലാതാക്കാൻ ശ്രമിച്ച യു.ഡി.എഫിന് നിരാശയാണ് ഫലം. വികസന മുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു.

ഭരണത്തുടർച്ച കേന്ദ്രനയങ്ങൾക്കും എതിരായ താക്കീതാണ് എന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ വോട്ട് നേടിയിട്ടും യു.ഡി.എഫ്. തകർന്നടിഞ്ഞെന്നും അദ്ദേഹം വീഡിയോ കോൺഫറൻസിങ് മുഖാന്തരം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ തുടർച്ച ഇല്ലാതാക്കാൻ വിമോചന സമരശക്തികളുടെ വലിയ ഏകോപനമുണ്ടായി. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെപിയും ജമാ അത്തെ ഇസ്ലാമിയും ലീഗും ചില സാമുദായിക സംഘടനകളും പ്രതിലോമ ചേരിയായി അണിനിരന്ന് പ്രവർത്തിച്ചു. പക്ഷെ കേരള ജനത അത് നിരാകരിച്ചു- വിജയരാഘവൻ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് ദേശീയതലത്തിലും പ്രസക്തിയുണ്ട്. ആഗോളവത്കരണത്തിന്റെ സാമ്പത്തിക നയത്തെ എല്ലാ പൂർണതയോടും കൂടി നടപ്പിലാക്കുകയാണ് ബി.ജെ.പി. സാധാരണ ജനങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്ന് അവർ ശ്രദ്ധിക്കുന്നേയില്ല. കോർപറേറ്റ് താൽപര്യങ്ങളെ സംരക്ഷിക്കുന്ന അജണ്ടകൾക്ക് മുൻഗണന നൽകുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ദുരിതവും ഇന്ത്യയുടെ ദാരിദ്ര്യവും അത് വലിയ തോതിൽ വർധിപ്പിച്ചു. കോവിഡ് മഹാരോഗത്തിനു മുന്നിൽ കേന്ദ്രസർക്കാർ കാഴ്ചക്കാരായി നിൽക്കുന്നതിന് നാം സാക്ഷികളായി. ആ സാമ്പത്തിക നയത്തോടൊപ്പം തീവ്ര ഹിന്ദുത്വ വർഗീയതയെ രാജ്യത്തിന്റെ മുഖമുദ്രയാക്കി മാറ്റിയെന്നും വിജയരാഘവൻ പറഞ്ഞു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ബി.ജെ.പിക്ക് എതിരായ ശരിയായ രാഷ്ട്രീയ കാഴ്ചപ്പാട് ഉയർത്തി മുന്നോട്ടു പോകാൻ, അതിന്റെ വർഗപരമായ ഉള്ളടക്കം കൊണ്ടുതന്നെ സാധിക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. കോൺഗ്രസിന്റെ തകർച്ചയ്ക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പും ആ തകർച്ചയുടെ വേഗത വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏഴാം തിയതി വൈകിട്ട് ഏഴുമണിക്ക് വീടുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ദീപശിഖ തെളിയിച്ച് വിജയഹ്ലാദം പങ്കിടാനാണ് എൽ.ഡി.എഫ്. തീരുമാനിച്ചിരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. 17-ന് എൽ.ഡി.എഫ്. യോഗം ചേരും. 18-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മറ്റിയും ചേർന്ന് മന്ത്രിസഭാ രൂപവത്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

04-May-2021