മുല്ലപ്പള്ളിയ്ക്കെതിരെ കോൺഗ്രസിൽ പടനീക്കം ശക്തമാകുന്നു
അഡ്മിൻ
മികച്ച ഭൂരിപക്ഷവുമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ഭരണതുടര്‍ച്ച നേടിയപ്പോൾ. പ്രതിസന്ധിയിലായിരിക്കുന്നത് പ്രതിപക്ഷമാണ്. കെപിസിസി അധ്യക്ഷൻ മാറണമെന്ന നിര്‍ദ്ദേശങ്ങള്‍ യുവ നേതാക്കള്‍ അടക്കം ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.
അതിനിടെ പ്രതിപക്ഷ നേതാവ് സ്ഥാനവും മാറണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് പാർട്ടിയിലെ സംഘടനാ ദൗര്‍ബല്യമാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നേതൃമാറ്റം എന്ന ആവശ്യം ശക്തമാകുന്നത്. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഹൈക്കമാന്റ് പറയുന്ന പക്ഷം താൻ സ്ഥാനം രാജി വയ്ക്കുമെന്ന നിലപാടാണ് മുല്ലപ്പള്ളിയുടേത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതൽക്കെ പാര്‍ട്ടിക്കുള്ളിൽ കലാപക്കൊടി ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഇത് രൂക്ഷമാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഇത്തരത്തിൽ ഒരു ഉറക്കംതൂങ്ങി പ്രസിഡന്റിനെ ആവശ്യമുണ്ടോ എന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ഇട്ട് ഹൈബി ഈഡൻ എംപി തന്നെയാണ് ഇതിന് ചുക്കാൻ പിടിച്ചത്.
പിന്നാലെ, വിവിധ നേതാക്കളും നിലപാടുകളുമായി രംഗത്തുവന്നു. ആത്മാര്‍ത്ഥതയുള്ള തെറ്റുതിരുത്തലുകളാണ് വേണ്ടത് എന്ന് പി സി വിഷ്ണുനാഥും സമൂലമായ അഴിച്ചുപണി അനിവാര്യമെന്ന് എ വിഭാഗം നേതാവ് കെ സി ജോസഫും പ്രതികരിച്ചു. ഇതോടെ വിമര്‍ശനങ്ങള്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനമില്ലെന്ന പ്രതികരണവും ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പള്ളി സ്ഥാനത്ത് നിന്നും മാറിയാൽ ശക്തനായ ഒരു നേതാവിനെ തന്നെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. വര്‍ക്കിങ്ങ് പ്രസിഡന്റ് കെ സുധാകരനെ രംഗത്തിറക്കാനാണ് ശ്രമം നടക്കുന്നത്.
വിവിധ ഗ്രൂപ്പുകളിൽപെട്ട ഒട്ടേറെ നേതാക്കള്‍ കെ. സുധാകരനുമായി ഇതിനോടകം ചര്‍ച്ച ചെയ്തുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒന്നിച്ചു നിന്നിരുന്ന എ - ഐ വിഭാഗങ്ങളെ തോൽപ്പിച്ചാണ് കെ സുധാകരൻ കണ്ണൂരിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഇത് വലിയ പ്രതീക്ഷയാണ് കോൺഗ്രസിന് മുന്നിലുള്ളത്.