പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സംയുക്ത കിസാൻ മോർച്ച

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതികളിൽ പ്രതിഷേധിച്ച് ഡൽഹി അതിർത്തികളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഇപ്പോഴും മുന്നോട്ട് പോകവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം).കേന്ദ്ര സർക്കാരുമായി ചർച്ച പുനരാരംഭിക്കണമെന്ന ആവശ്യമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.

മെയ് 25നകം സർക്കാരിൽ നിന്ന് ഉചിതമായ പ്രതികരണം ലഭിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കർഷക യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെയാണ് കർഷക സംഘടനയുടെ ഈ ആവശ്യമെന്നതും ശ്രദ്ധേയം.കൊവിഡ് വ്യാപനത്തിന് കാരണമാകാൻ പ്രതിഷേധിക്കുന്ന കർഷകർ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ജീവിതത്തെയും മരണത്തെയും ഭാവി തലമുറകളെയും സംബന്ധിച്ചിടത്തോളം സമരത്തെ ഉപേക്ഷിക്കാനും കഴിയില്ലെന്നും എസ്‌കെഎം പറഞ്ഞു.

അതേസമയം ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പ്രധാനകാരണം കർഷകസമരമാണെന്ന് കുറ്റപ്പെടുത്തി ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129 കർഷകർ സമരത്തിൽ പങ്കെടുത്തവരായിരുന്നു എന്നാണ് കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.സമരത്തിൽ സ്ഥിരമായായി പങ്കെടുത്തിരുന്ന പലർക്കും രോഗബാധയുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ 13 ജില്ലകളിലായി 786 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.ഹരിയാനയിലെ ഗ്രാമീണ മേഖലകളിലാണ് കൊവിഡ് വ്യാപനം കൂടുതലായിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.അതിനാൽ പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും മിനിമം താങ്ങ് വിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ദില്ലി അതിർത്തിളായ സിങ്കു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധിക്കുന്നത്.കർഷക സമരത്തിനിടെ 470ൽ അധികം കർഷകർ മരണത്തിന് കീഴടങ്ങിയിരുന്നു.നിരവധി പേർക്ക് അവരുടെ ജോലി, വിദ്യാഭ്യാസം, മറ്റ് ജോലികൾ എന്നിവ ഉപേക്ഷിക്കേണ്ടിവന്നു.

ഡൽഹി അതിർത്തികളിൽ പ്രതിഷേധം തുടരവെ കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിൽ ഇതുവരെ 11 തവണ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ പ്രതിസന്ധി തുടരുകയായിരുന്നു.കാർഷിക നിയമങ്ങൾ 12-18 മാസത്തേക്ക് നടപ്പാക്കുന്നില്ലെന്ന് ജനുവരിയിൽ കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും ഇത് കർഷക സംഘടനകൾ നിരസിക്കുകയായിരുന്നു.
തുടർന്ന് കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും പ്രതിസന്ധി പരിഹരിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

22-May-2021