മഴയിൽ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; ജാഗ്രത ആവശ്യമെന്ന് വീണാ ജോര്‍ജ്

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ് എന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

ആശുപത്രികളില്‍ ആവശ്യമെങ്കില്‍ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്നുകള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റി പാര്‍പ്പിക്കും. ക്യാമ്പുകളില്‍ ആവശ്യമെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തും. ഈ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.

മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. കൊവിഡ് കാലത്ത് പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ അധിക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം ഉപയോഗിക്കുക. 90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഒ.ആര്‍.എസ്. ലായിനിയും ഏറെ ഫലപ്രദമാണ്. പാനീയ ചികിത്സ കൊണ്ട് ഫലം കിട്ടിയില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ് എന്നും മന്ത്രി അറിയിച്ചു.

16-Oct-2021

ന്യൂസ് മുന്‍ലക്കങ്ങളില്‍

More