സമാനതകളില്ലാത്ത പിടിച്ചുപറിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
അഡ്മിൻ
തിരുവനന്തപുരം : വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയില്‍ ഒറ്റയടിക്ക് 266 രൂപയുടെ വര്‍ധനവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയിലൂടെ 30,000ത്തോളം കുടുംബശ്രീ സംരംഭകര്‍ പ്രതിസന്ധിയിലാവുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി പ്രധാനമായും കുടുംബശ്രീ ആശ്രയിക്കുന്നത് സൂക്ഷ്മ സംരംഭ മേഖലയിലാണ്. അതിലേറെയും ഭക്ഷ്യോത്പന്നങ്ങള്‍ തയാറാക്കി വിപണനം നടത്തുന്നവയാണ്. മാത്രമല്ല, ജനകീയ ഹോട്ടലുകള്‍ ഉള്‍പ്പെടെ അയല്ക്കൂട്ടാംഗങ്ങള് നടത്തുന്ന ഹോട്ടലുകള്‍, ക്യാന്റീനുകള്‍, കഫേകള്‍, കേറ്ററിങ് യൂണിറ്റുകള്‍, ന്യൂട്രിമിക്സ് യൂണിറ്റുകള്‍, അച്ചാര്‍- ചിപ്സ് നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങി പ്രധാനപ്പെട്ട സംരംഭങ്ങള്‍ക്കെല്ലാം ഈ വിലവര്‍ദ്ധനവ് കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന സംരംഭകര്‍ക്ക് പാചകവാതക വിലവര്‍ദ്ധനവ് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ആരും വിശന്നിരിക്കാന്‍ പാടില്ലെന്ന ഉദ്ദേശത്തോടെ 2019-20 സാമ്പത്തികവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംരംഭകര്‍ നടത്തുന്ന 1131 ജനകീയ ഹോട്ടലുകളാണ് നിലവിലുള്ളത്. 20 രൂപ നിരക്കില്‍ ഒരു ദിവസം ശരാശരി 1.60 ലക്ഷത്തോളം ഉച്ചയൂണാണ് ഈ ഹോട്ടലുകള്‍ മുഖേന കുടുംബശ്രീ സംരംഭകര്‍ തയാറാക്കി വിതരണം ചെയ്യുന്നത്. 4885 സംരംഭകര്‍ ജനകീയ ഹോട്ടലുകള്‍ വഴി ഉപജീവനം കണ്ടെത്തുന്നുണ്ട്.
ഒരു ദിവസം 1500 ഓളം ഊണുകള്‍ തയാറാക്കുന്ന ഒരു ജനകീയ ഹോട്ടലിന് പ്രതിദിനം 19 കിലോഗ്രാമിന്റെ രണ്ട് പാചകവാതക സിലിണ്ടറുകള്‍ വേണ്ടി വരും. മാസം 62 സിലിണ്ടറുകള്‍ ആവശ്യമാണ്. വിലവര്‍ദ്ധനവിന് മുന്‍പ് ഇതിനായി ഒരു ലക്ഷത്തോളം രൂപയായിരുന്നു മാസം ചെലവായിരുന്നത്. പാചക വാതക വിലവര്‍ദ്ധിച്ചതോടെ 1.24 ലക്ഷത്തോളം രൂപ പാചകവാതകത്തിന് മാത്രം ചെലവാക്കേണ്ടി വരും. കാല്‍ലക്ഷം രൂപയോളമാണ് ചിലവേറുന്നത്. ഇന്ധന വിലവര്‍ധനവിന്റെ ഭാഗമായി പലവ്യഞ്ജന സാധനങ്ങളുടെയും പച്ചക്കറിയുടെയും വിലയും വര്‍ധിക്കുകയാണ്. വലിയ പ്രതിസന്ധിയിലേക്കാണ് ഈ വിലവര്‍ധനവിലൂടെ കുടുംബശ്രീ സംരംഭകര്‍ വീണുപോവുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ജനകീയ ഹോട്ടലില്‍ ഒരു ഊണിന് സര്‍ക്കാരിന്റെ 10 രൂപ സബ്സിഡി ഉള്‍പ്പെടെ 30 രൂപയാണ് സംരംഭകര്‍ക്ക് ലഭിക്കുന്നത്. ഇതില്‍ നിന്നാണ് പച്ചക്കറി, പാചകവാതകം എന്നിവയ്ക്കുള്ള തുക കണ്ടെത്തുന്നത്. ഈ തുകയില്‍ നിന്ന് പാചകവാതകത്തിന് അധികതുക ചെലവഴിക്കേണ്ടി വരുന്നത് ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്ക് കനത്ത തിരിച്ചടിയാവും. സാധാരണക്കാരില്‍ സാധാരണക്കാരായ വഴിയോരക്കച്ചവടക്കാര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, കൂലിത്തൊഴിലാളികള്‍ തുടങ്ങി സാധാരണക്കാരുടെ അത്താണിയാണ് ജനകീയ ഹോട്ടലുകള്‍. അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യമായാണ് ഇവിടെനിന്നും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ആറ് മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അംഗനവാടികള്‍ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്സ് തയാറാക്കുന്ന 241 കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ നിലവിലുണ്ട്. 1569 അയല്ക്കൂട്ടാംഗങ്ങള് ഈ യൂണിറ്റുകള്‍ മുഖേന ഉപജീവനം കണ്ടെത്തുന്നു. 1538.46 മെട്രിക് ടണ്‍ ന്യൂട്രിമിക്സാണ് ഒരു മാസം ഈ യൂണിറ്റുകള്‍ മുഖേന ഉത്പാദിപ്പിക്കുന്നത്. 19 കിലോഗ്രാമിന്റെ 1385 ഓളം പാചകവാതക സിലിണ്ടറുകളാണ് മാസംതോറും ഇവര്‍ക്ക് ആവശ്യമായി വരുന്നത്. വിലവര്‍ദ്ധനവിന് മുന്‍പ് 20 ലക്ഷം രൂപയോളമാണ് പാചകവാതകത്തിനായി യൂണിറ്റുകള്‍ക്ക് ചെലവ് വന്നിരുന്നത്. എന്നാല്‍, വിലവര്‍ദ്ധനവോടെ 23.7 ലക്ഷം രൂപ ഇതിനായി ചെലവഴിക്കേണ്ടി വരും.
യൂണിറ്റുകള്‍ക്ക് 3.7 ലക്ഷത്തോളം രൂപ അധികമായി കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പാചകവാതക സിലിണ്ടറുകള്‍ക്ക് യൂണിറ്റുകള്‍ 18% ജി.എസ്.ടിയും നല്‍കുന്നുണ്ട്. സമാനതകളില്ലാത്ത പിടിച്ചുപറിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കുടുംബശ്രീ ക്യാന്റീന്, കഫേ, ഹോട്ടല്‍, കേറ്ററിങ്, അച്ചാര്‍, ചിപ്സ് നിര്‍മ്മാണം തുടങ്ങിയ ഭക്ഷ്യോത്പന്ന ഉത്പാദന മേഖലകളില്‍ 7000ത്തോളം കുടുംബശ്രീ സംരംഭങ്ങള്‍ നിലവിലുണ്ട്. ഇവരുടെയെല്ലാം നിലനില്‍പ്പ് അപകടത്തിലാക്കും വിധത്തിലാണ് പാചകവാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.
02-Nov-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ