നേതൃത്വത്തെ കാഴ്ചക്കാരാക്കി മേഘാലയ കോൺഗ്രസിന് വീണ്ടും തിരിച്ചടി
അഡ്മിൻ
മേഘാലയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി.ദേശീയ നേതൃത്വത്തെ കാഴ്ചക്കാരാക്കി മേഘാലയിൽ 18 കോൺഗ്രസ് എംഎൽഎമാരിൽ 12 എംഎൽഎമാരും പാർട്ടി വിട്ടു.തൃണമൂലിലേക്കാണ് ഇവരുടെ കൂറുമാറ്റം.പഞ്ചാബ് കോൺഗ്രസിലെ കലഹം ശമിപ്പിക്കുമ്പോൾ മുതിർന്ന നേതാക്കൾക്ക് തലവേദനയായിരിക്കുകയാണ് മേഖാലയ കോൺഗ്രസിലെ ഈ കൊഴിഞ്ഞുപോക്ക്.
കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും. മുൻ മേഖാലയ മുഖ്യമന്ത്രി മുകുൾ സാങ്മയും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും.നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സാങ്മ കഴിഞ്ഞ കുറെ മാസങ്ങളായി കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്.എന്നാൽ പാർട്ടി നേതൃത്വം ഇത് ഗൗനിച്ചിരുന്നില്ല.
ഒറ്റ രാത്രികൊണ്ട് കനത്ത ആഘാതമാണ് പാർട്ടിയ്ക്ക് മമത ബാനർജി നൽകിയിരിയ്ക്കുന്നത് എന്ന് പറയാതെ വയ്യ. ഈ നീക്കംകൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാർട്ടിയെന്ന നേട്ടമാണ് ടിഎംസി കൈവരിച്ചിരിയ്ക്കുന്നത്.തന്റെ പാർട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് നേരത്തെ മമത ബാനർജി വ്യക്തമാക്കിയിരുന്നു.
അതേസമയം എംഎൽഎമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുൻപ് കഴിഞ്ഞ ദിവസം രണ്ട് നേതാക്കളും കൂറുമാറിയിരുന്നു. കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പിസിസി അധ്യക്ഷൻ അശോക് തൻവാറുമാണ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. 2023ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പേർ പാർട്ടി വിടുന്നത് കോൺഗ്രസിന് വലിയ ക്ഷീണമാണ് സമ്മാനിക്കുന്നത്.