കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അഡ്മിൻ
കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ അഭിവാദ്യവുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ അവകാശങ്ങൾക്കായി, നീതിയ്ക്കും തുല്യതയ്ക്കുമായി നടന്ന ഉജ്ജ്വലമായ പോരാട്ടത്തിൻ്റെ സ്‌മരണ തുടിക്കുന്ന ദിവസമാണിത് എന്ന് അദ്ദേഹം പറഞ്ഞു.
വലതുപക്ഷ സർക്കാർ സമരത്തെ ഹീനമായി നേരിട്ടതിൻ്റെ ഫലമായി ധീര രക്തസാക്ഷിത്വം വരിച്ച സഖാക്കളായ രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നിവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. 27 വർഷമായി ശയ്യാവലംബിയായി കഴിയുന്ന സഖാവ് പുഷ്പനേയും അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ എഴുതി.
മുതലാളിത്ത ദാസ്യം പേറുന്ന വലതുപക്ഷ ഭരണകൂടങ്ങൾക്ക് അടിച്ചമർത്താൻ സാധിക്കുന്നതല്ല തൊഴിലാളികളുടേയും കർഷകരുടേയും പോരാട്ടവീര്യമെന്ന് തെളിയിക്കപ്പെട്ട നാളുകളാണിത്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ്മകൾ ആ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തു പകരും.
സ്വജീവനേക്കാൾ നാടിൻ്റെ നന്മയ്ക്ക് വില നൽകിയ അവരുടെ രാഷ്ട്രീയബോധവും സാമൂഹ്യപ്രതിബദ്ധതയും നമുക്ക് എന്നെന്നും ഊർജ്ജമായിരിക്കും. രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ നേർന്ന്, അവരുടെ സ്‌മരണകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സമത്വപൂർണ്ണമായ ലോകനിർമ്മിതിക്കായി കൈകൾ കോർക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.