മൊഫിയയുടെ ആത്മഹത്യ; ആലുവ ഈസ്റ്റ് സിഐ സുധീറിന് സസ്പെൻഷൻ

ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിന് സസ്പെൻഷൻ. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം ഡിജിപിയാണ് സുധീറിനെ സസ്പെൻഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. സുധീറിന്റെ നടപടികളിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി.കമ്മീഷണർക്കാണ് അന്വേഷണ ചുമതല.മുഖ്യമന്ത്രി പിണറായി വിജയൻ മൊഫിയയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി. സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മൊഫിയയുടെ പിതാവ് പറഞ്ഞിരുന്നു.ചുമതല ഒഴിഞ്ഞ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ സി.എൽ. സുധീറിനോട് കഴിഞ്ഞ ദവിസം ആവശ്യപ്പെട്ടിരുന്നു.

സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാക്കൾ നടത്തിവരുന്ന സമരം മൂന്നാം ദിവസം തുടരുന്നതിനിടെയാണ് നടപടി. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഷന് മുന്നിൽ കോൺഗ്രസിന്റെ ഉപരോധം.

മൊഫിയയുടെ മരണത്തിൽ കേസിൽ അറസ്റ്റിലായ ഭർത്താവും വീട്ടുകാരും റിമാൻഡിലാണ് നിലവിൽ. ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരാണ് അറസ്റ്റിലായത്. കേസ് ക്രൈബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

26-Nov-2021