രാജ്യത്തെ അതിദരിദ്ര പട്ടികയില്‍ മുന്നിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
അഡ്മിൻ
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള നീതി ആയോഗിന്റെ പ്രഥമ ദരിദ്ര സൂചിക റിപ്പോര്‍ട്ടില്‍ ബിഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും രാജ്യത്തെ അതിദരിദ്ര സംസ്ഥാനങ്ങള്‍. കേരളമാണ് ഏറ്റവും മികവ് കൈവരിച്ച സംസ്ഥാനം.
ബിഹാര്‍ ജനസംഖ്യയുടെ പകുതിയിലധികവും (51.91 ശതമാനം) ദരിദ്രരാണ്. തൊട്ടുപിന്നിലായി ജാര്‍ഖണ്ഡും (42.16 ശതമാനം), ഉത്തര്‍പ്രദേശുമാണ് (37.79 ശതമാനം). പട്ടികയില്‍ മധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്തും, മേഘാലയ (32.67) അഞ്ചാം സ്ഥാനത്തുമാണ്.
രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ് (0.71 ശതമാനം). തൊട്ടുമുകളിലായ ഗോവ (3.76), സിക്കിം (3.82), തമിഴ്‌നാട് (4.89) പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്.
പോഷകാഹാരകുറവുള്ളവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലും ബിഹാര്‍ തന്നെയാണ് മുന്നില്‍. തൊട്ടുപിന്നിലായി ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ചത്തീസ്ഗണ്ഡ് സംസ്ഥാനങ്ങളാണ്.
ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ) യുനൈറ്റഡ് നാഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും (യു.എന്‍.ഡി.പി) വികസിപ്പിച്ച, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ് പ്രഥമ സര്‍വേക്കായി ഉപയോഗപ്പെടുത്തിയത്.