എല്ലാ വകുപ്പുകളും എന്താണ് ചെയ്യേണ്ടതെന്ന് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം
അഡ്മിൻ
ശിശു മരണങ്ങളുട പശ്ചാത്തലത്തില്‍ അട്ടപ്പാടിയില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു. ചികിത്സ കിട്ടാതെ ഒരു കുട്ടി പോലും മരണപ്പെടുന്ന സാഹചര്യം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ഓരോ ഡിപ്പാര്‍ട്ട്മെന്റും എന്താണ് ചെയ്യേണ്ടതെന്ന കൃത്യത വരുത്താനായി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും. എല്ലാ വകുപ്പുകളും എന്താണ് ചെയ്യേണ്ടതെന്ന് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറക്കണം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും എന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ സാഹചര്യം വകുപ്പുകള്‍ സംയുക്തമായി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും അറിയിച്ചു.
അട്ടപ്പാടിയില്‍ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികളാണ് മരിച്ചത്. വീട്ടിയൂര് ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ കുഞ്ഞും അഗളി പഞ്ചായത്തിലെ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസുകാരിയുമാണ് മരിച്ചത്. നാല് ദിവസത്തിനിടെ അഞ്ചാമത്തെ ശിശുമരണമാണിത്.