ജനങ്ങളെ മുന്‍നിര്‍ത്തി ഇത്തരം പരിശോധനകള്‍ ഇനിയും ആവര്‍ത്തിക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

തന്റെ മിന്നല്‍ പരിശോധനയെ വിമര്‍ശിക്കുന്നര്‍ക്കെതിരെ മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.ജനങ്ങളെ മുന്‍നിര്‍ത്തി ഇത്തരം പരിശോധനകള്‍ ഇനിയും ആവര്‍ത്തിക്കും. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ എന്നും എന്ത് വന്നാലും ഇതു പോലെ തന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ജനങ്ങളെ എന്തിന് കാണിക്കണം എന്നാണ് ചിലര്‍ ചോദിക്കുന്നത്.
തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ പറ്റില്ല, കാര്യങ്ങള്‍ സുതാര്യമായി നടക്കാനാണ് ജനങ്ങളെ കാണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.'റസ്റ്റ് ഹൗസില്‍ എന്താണ് നടക്കുന്നതെന്ന് ജനം അറിയണം. അത് രഹസ്യമാക്കി വെയ്‌ക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് പരസ്യമാക്കി തന്നെ പോയത്.നേരത്തെ ഇതുപോലെ പോയ സ്ഥലങ്ങള്‍ ഇപ്പോള്‍ വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം.

വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. താന്‍ അത് കാര്യമാക്കുന്നില്ല. നന്നായി റസ്റ്റ് ഹൗസുകള്‍ കൈകാര്യം ചെയ്തവരെ അഭിനന്ദിച്ചിട്ടുണ്ട്.ജനത്തെ കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അത് ക്ലിയര്‍ ചെയ്യാനുള്ള ഉത്തരവാദിത്തവും തനിക്കുണ്ട്.ജനങ്ങളെ മുന്‍നിര്‍ത്തി ഇത്തരം പരിശോധനകള്‍ ആവര്‍ത്തിക്കും. ഒരു മന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ നൂറ് ശതമാനവും ചെയ്യും'- മുഹമ്മദ് റിയാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വടകര റസ്റ്റ് ഹൗസില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ വീഡിയോയും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.എന്നാല്‍, ഇത് പിആര്‍ വര്‍ക്കാണെന്ന രീതിയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

29-Nov-2021