രാജ്യസഭയിലെ സസ്‌പെൻഷൻ ; മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം എംപി
അഡ്മിൻ
രാജ്യസഭയിലെ സസ്‌പെൻഷൻ നടപടിയിൽ മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം എംപി. മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിലപാട് ബിനോയ് വിശ്വം എംപി തള്ളി. വർഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ച 12 രാജ്യസഭാ എം.പിമാർക്കാണ് സസ്‌പെൻഷൻ കിട്ടിയത്.
എളമരം കരീം, ബിനോയ് വിശ്വം എന്നിവരുൾപ്പെടെയുള്ള എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്‌പെൻഷൻ തുടരും.
തൃണമൂൽ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെൻ, കോൺഗ്രസ് എം.പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വർമ്മ, റിപുൻ ബോറ, രാജാമണി പട്ടേൽ, ശിവസേന എം.പിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരാണ് സസ്‌പെൻഷൻ ലഭിച്ച മറ്റ് പത്തുപേർ.
എംപിമാരുടെ മോശം പെരുമാറ്റത്തിലൂടെ സഭയുടെ അന്തസ്സിന് മങ്ങലേറ്റുവെന്നാണ് കണ്ടെത്തൽ.എംപിമാരുടെ പെരുമാറ്റത്തിൽ സഭാ ശക്തമായി അപലപിക്കുന്നു. സഭാ നിയമങ്ങളുടെ പൂർണമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. സഭയുടെ പ്രവർത്തനങ്ങൾ മനഃപൂർവം തടസപ്പെടുത്താൻ ശ്രമിച്ചെന്നും സസ്‌പെൻഷൻ നോട്ടീസിൽ പറയുന്നു. ജനറല്‍ ഇന്‍ഷുറന്‍സ് സ്വകാര്യവൽക്കരണ ബില്‍ അവതരിപ്പിച്ച ദിവസമായിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്. മാര്‍ഷല്‍മാര്‍ക്ക് നേരെ പ്രതിപക്ഷ എംപിമാര്‍ ആക്രമണം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ ഇത് വാസ്‌തവ വിരുദ്ധമാണെന്ന് അന്ന് തന്നെ എംപിമാർ വ്യക്‌തമാക്കിയിരുന്നു.