കോൺഗ്രസിനെ നയിക്കാൻ സുധാകരൻ 200ശതമാനവും യോഗ്യനല്ല: മമ്പറം ദിവാകരൻ

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ. പുതിയ കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്ന് മമ്പറം ദിവാകരൻ ആരോപിച്ചു.

കോൺഗ്രസിനെ നയിക്കാൻ 200 ശതമാനവും യോഗ്യനല്ലാത്ത വ്യക്തിയായിരുന്നു സുധാകരൻ. അതിനാൽ പ്രതിഡന്റ് ആക്കാതിരിക്കാൻ താൻ ശ്രമിച്ചിരുന്നു. ഇപ്പോൾ പ്രസിഡന്റ് ആയതിനാൽ പരസ്യമായി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.

സുധാകരൻ കോൺഗ്രസ് പ്രസിഡന്റ് ആകാതിരിക്കാൻ താൻ മാക്സിമം ശ്രമിച്ചിരുന്നതായും ദിവാകരൻ വെളിപ്പെടുത്തി. എന്നാൽ കണ്ണൂരിൽ മമ്പറം ദിവാകരനെതിരെയടക്കം എടുത്തത് അച്ചടക്ക നടപടിയാണെന്നും പാർട്ടി തീരുമാനം ലംഘിച്ചാൽ അച്ചടക്ക നടപടി സ്വാഭാവികമാണെന്നുമാണ് സുധാകരന്റെ പ്രതികരണം.

അച്ചടക്ക നടപടിക്ക് വലിയ ആളെന്നോ ചെറിയ ആളെന്നോ വ്യത്യാസമില്ലെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്റെ പുറത്താക്കലിൽ കലാശിച്ചത്.

30-Nov-2021