കെ റെയില്‍ ഭാവി കണക്കാക്കിയുള്ള സ്വാഗതാര്‍ഹമായ പദ്ധതി: മുഖ്യമന്ത്രി

കെ റെയിലിനെ പിന്തുണച്ചും പ്രതിപക്ഷ കക്ഷികളെ കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തെ കേന്ദ്രസര്‍ക്കാരും(Centre) ബിജെപിയും തുരങ്കം വെയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചുള്ള എല്‍ഡിഎഫ് ധര്‍ണയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും എല്ലാം ഒരേ സ്വരത്തിലാണ് കേരളത്തിന്റെ വികസനത്തിനെതിരെ സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കെ റെയില്‍ സ്വാഗതാര്‍ഹമായ പദ്ധതിയാണ്. ഭാവി കണക്കാക്കിയുള്ള പദ്ധതിയാണിത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താന്‍ ഇപ്പോള്‍ 12 മണിക്കൂര്‍ വേണമെങ്കില്‍ കെ റെയിലിന്റെ വരവോടെ ഇത് 4 മണിക്കൂറായി കുറയും.

ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുമെന്നും സമ്പൂര്‍ണ ഹരിത പദ്ധതിയായതിനാല്‍ പ്രകൃതിയെ ഇത് ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ പ്രതിഫലനങ്ങള്‍ കേന്ദ്രത്തിലും കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30-Nov-2021