കെഎസ്ആര്‍ടിസി ഇന്ന് മുതൽ തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് ആരംഭിക്കും
അഡ്മിൻ
കേരളത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും പൊതുഗതാഗതം അനുവദിച്ച് തമിഴ്‌നാട്. ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ ഡിസംബര്‍ 15 വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തമിഴ്‌നാട് തീരുമാനിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇളവാണ് കേരളത്തിലേക്കുള്ള പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത്.
കോയമ്പത്തൂരില്‍നിന്നും കന്യാകുമാരിയില്‍നിന്നും മറ്റുമുള്ള ആളുകളാണ് കേരളത്തിലേക്ക് നിത്യേന ബസില്‍ പോയി വരുന്നത്. എന്നാല്‍ കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ, തമിഴ്‌നാട് കേരളത്തിലേക്കും തിരിച്ചുള്ളതുമായ ബസ് സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനഃരാരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഇന്ന് മുതൽ തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച ശേഷം കര്‍ണാടകത്തിലേക്ക് സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്‌നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗതാഗത മന്ത്രി ആന്റണി രാജു തമിഴ്‌നാട് ഗതാഗത മന്ത്രിയോട് ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്‌നാട് അനുമതി നല്‍കിയത്.