സന്ദീപിന്റെ കൊലപാതകം; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്ഐആർ
അഡ്മിൻ
തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തിൽ പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പോലീസ് എഫ്ഐആർ. സന്ദീപിനെ ആക്രമിച്ചത് കൊല്ലാൻ വേണ്ടി തന്നെ ആണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമെന്നുമായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാൽ പ്രതികൾ ബിജെപി പ്രവർത്തകരെന്നാണ് പുറത്തു വന്ന എഫ്ഐആഫിൽ വ്യക്തമാക്കുന്നത്.
പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്ഐആറിലാണ് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. ബിജെപി പ്രവർത്തകരായ അഞ്ചു പേർക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു.
കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ചു കൊലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്. സന്ദീപിന്റെ കൊലപാതകത്തിന് പിന്നാലെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു.
അതേസമയം പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ സമർപ്പിച്ചാൽ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെഞ്ചിൽ ഒമ്പത് വെട്ടേറ്റു. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു.