റോഡ് നിര്‍മാണത്തിന് വര്‍ക്കിംഗ് കലണ്ടര്‍ കൊണ്ടുവരും: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പരിശോധന നടത്തും. റോഡ് നിര്‍മാണത്തിന് വര്‍ക്കിംഗ് കലണ്ടര്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഇരുന്ന് റിപ്പോര്‍ട്ട് എഴുതിയാല്‍ മതിയാവില്ല. വിവിധ റോഡ് നിര്‍മാണ പദ്ധതികള്‍ നടക്കുന്ന ഇടങ്ങളില്‍ നേരിട്ട് എത്തി വേണം റിപ്പോര്‍ട്ട് നല്‍കാന്‍. ഇതിന്റെ ഫോട്ടോയും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണം.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെണ്ടര്‍ നടപടികള്‍ നടത്തും. മഴമാറുന്നതോടെ ഒക്ടോബര്‍ മുതല്‍ അഞ്ചുമാസം അറ്റകുറ്റപണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം വടകര റസ്റ്റ് ഹൗസില്‍ മദ്യകുപ്പി കണ്ടെത്തിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതില്‍ തെറ്റില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ സ്ഥിരം ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.

05-Dec-2021