കൊലക്കത്തി രാഷ്ട്രീയത്തിലൂടെ സിപിഐഎമ്മിനെ ഇല്ലാതാക്കാമെന്ന് കരുതേണ്ട: കോടിയേരി ബാലകൃഷ്ണൻ

പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ വധിച്ചതിന് പിന്നില്‍ ബിജെപി ഉന്നതതല ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ്-ബിജെപി കൊലയാളികള്‍ ആസൂത്രിതമായാണ് സന്ദീപിനെ അരുംകൊല ചെയ്തതെന്നും കൊലക്കത്തി രാഷ്ട്രീയത്തിലൂടെ സിപിഐഎമ്മിനെ ഇല്ലാതാക്കാമെന്ന് ബിജെപി കരുതേണ്ടെന്നും കോടിയേരി വ്യക്തമാക്കി.

കോടിയേരിയുടെ വാക്കുകള്‍: ''എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്ന സന്ദീപിനെ ആര്‍എസ്എസ് - ബിജെപി കൊലയാളികള്‍ ആസൂത്രിതമായാണ് അരുംകൊല ചെയ്തത്. ഇതിന് പിറകില്‍ ഉന്നതതല ഗൂഡാലോചന നടന്നിട്ടുണ്ട്. അത് കണ്ടെത്തണം. കൊലക്കത്തി രാഷ്ട്രീയത്തിലൂടെ സിപിഐഎമ്മിനെ ഇല്ലാതാക്കാമെന്ന് കരുതേണ്ട. ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളും മറ്റ് പാര്‍ട്ടിക്കാരും 588 സിപിഐഎം പ്രവര്‍ത്തകരെ കൊലചെയ്തു.

കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐഎമ്മിന്റെ രീതിയല്ല. കൊലപാതക സംഘങ്ങളെ അമര്‍ച്ച ചെയ്യാനാവും വിധം ജനങ്ങള്‍ രംഗത്തിറങ്ങണം. ആര്‍എസ്എസ് - ബിജെപിക്കാരുടെ പ്രകോപനത്തില്‍പ്പെടാതെ സമാധാനപൂര്‍ണമായി പ്രതിരോധം പടുത്തുയര്‍ത്തണം. സന്ദീപിന്റെ ഭാര്യ സുനിതയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ദുഖം ഹൃദയഭേദകമാണ്.

സന്ദീപിന്റെ രണ്ട് പിഞ്ചോമനകള്‍ വല്ലാതെ നൊമ്പരമുണര്‍ത്തുന്നു. ഇവര്‍ ഒരിക്കലും അനാഥരാവില്ല. സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുക്കും, ഭാര്യക്ക് ജോലിയും മക്കളുടെ പഠനവും ഉറപ്പ് വരുത്തും. കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ നട്ടാല്‍ കിളിര്‍ക്കാത്ത നുണകള്‍ ബിജെപി പറയാറുണ്ടെന്നും ആര്‍എസ്എസ് നടത്തിയ ഏതെങ്കിലും കൊല അവരാണ് നടത്തിയതെന്ന് സമ്മതിച്ചിട്ടുണ്ടോ എന്നും കോടിയേരി മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ ചോദിച്ചു.

ഗാന്ധിജിയുടെ വധം ഗോഡ്സെയാണ് നടത്തിയതെന്നെല്ലാവര്‍ക്കുമറിയാമല്ലോ. അത് ആര്‍എസ്എസ് അംഗീകരിച്ചിട്ടുണ്ടോ. വെഞ്ഞാറമൂടില്‍ സിപിഐഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തുകയുണ്ടായി. അതും സിപിഐഎമ്മുമാര്‍ തമ്മില്‍ നടത്തിയ സംഘര്‍ഷമാണെന്നാണ് പ്രചരിപ്പിച്ചത്. സിപിഐഎമ്മുകാരെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍ ഇത്തരത്തില്‍ പ്രചരണം, എതിരായ രീതിയില്‍ എന്തെങ്കിലുമുണ്ടായാല്‍ ലോക വാര്‍ത്ത സൃഷ്ടിച്ച് പാര്‍ട്ടിയെ വേട്ടയാടുക. ഇത്തരം ഇരട്ടത്താപ്പ് സമീപനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

05-Dec-2021