കൊവിഡിന്റെ മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് പഠനം

കൊവിഡിന്റെ മൂന്നാം തരംഗം 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് പഠനം. ഐഐടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ ആണ് ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്ത് വിട്ടത്. ഒമിക്രോൺ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കരുതൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിൽ നിന്നുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ ഒമിക്രോൺ മറികടക്കുമെന്ന് തോന്നുന്നില്ലെന്നും അഗർവാൾ വ്യക്തമാക്കി. ഒമിക്രോൺ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കില്ലെന്നും നേരിയ അണുബാധ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടത്തിയ പഠനങ്ങൾ അനുസരിച്ച് നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഒമിക്രോണിനുള്ളത്.

അതേസമയം സംക്രമണശേഷി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് മഹാമാരിയുടെ സഞ്ചാരപാതയെ ഗണിതശാസ്ത്രപരമായി അവതരിപ്പിക്കാൻ ഉപയോഗിച്ച സർക്കാർ പിന്തുണയുള്ള സൂത്ര മാതൃകയുടെ സഹസ്ഥാപകനാണ് അദ്ദേഹം.

05-Dec-2021