സിപിഐക്കെതിരെ വിമര്‍ശനവുമായി എംവി ജയരാജന്‍

സിപിഐക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍. സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറി കിടക്കാനുള്ള കൂടാരമാണ് സിപിഐയെന്നും എം വി ജയരാജന്‍ പറഞ്ഞു. സിപിഎം നടപടി എടുത്തവരെയും സ്വീകരിക്കാന്‍ സിപിഐ തയ്യാറാവുന്നു.

ഒരു പാര്‍ട്ടിക്ക് ഇത്തരം ഒരു ഗതികേട് വന്നല്ലോ എന്നും ജയരാജന്‍ പരിഹസിച്ചു.തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എം വി ജയരാജന്റെ പ്രസ്താവന. ഒന്നും രണ്ടും ആളുകള്‍ പോയാല്‍ തകരുന്നതല്ല ഈ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തളിപ്പറമ്പില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരന്‍ അറുപതോളം പ്രവര്‍ത്തകരെകൂട്ടി സിപിഐയില്‍ ചേര്‍ന്നിരുന്നു.മുരളീധരനെ അനുകൂലിക്കുന്നവരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചുചേര്‍ത്തത്.

06-Dec-2021