ഉത്തർപ്രദേശിൽ ഇത്തവണ മാറ്റമുണ്ടാകുമെന്ന് ബിജെപിക്കറിയാം: അഖിലേഷ് യാദവ്
അഡ്മിൻ
നരേന്ദ്ര മോദിയുടെ ചുവന്നതൊപ്പി പരിഹാസത്തിന് മറുപടിയുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ചുവപ്പ് നിറം മാറ്റത്തിന്റെയും വിപ്ലവത്തിന്റെയും നിറമാണെന്നും ബി.ജെ.പിക്ക് അതൊന്നും മനസ്സിലാകില്ലെന്നും അഖിലേഷ് പറഞ്ഞു.
'ചുവപ്പ് നിറം വികാരങ്ങളെയാണ് വ്യക്തമാക്കുന്നത്. ബി.ജെ.പിക്ക് വികാരങ്ങൾ മനസ്സിലാകില്ല. അത് വിപ്ലവത്തിന്റെ നിറം കൂടിയാണ്. അത് മാറ്റത്തെയും പ്രതിനിധീകരിക്കുന്നു. ഉത്തർപ്രദേശിൽ ഇത്തവണ മാറ്റമുണ്ടാകുമെന്ന് അവർക്കറിയാം. നേരത്തെ മുഖ്യമന്ത്രിയും ഇതേ ഭാഷ ഉപയോഗിച്ചിരുന്നു. ഇത് പുത്തരിയല്ല' അദ്ദേഹം പറഞ്ഞു.
ചുവന്നതൊപ്പി ഉത്തർപ്രദേശിന് റെഡ് അലേർട്ട് ആണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മോദിയുടെ പരിഹാസം. അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലേർട്ടാണെന്നും മോദി പറഞ്ഞിരുന്നു.
ഗോരഖ്പുറിൽ നവീകരിച്ച വളംഫാക്ടറി-എ.ഐ.ഐ.എം.എസ്. ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവേയായിരുന്നു മോദി വിമർശനമുയർത്തിയത്. സമാജ് വാദി പാർട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും മോദി പറഞ്ഞിരുന്നു.