ഇടതു മുന്നണിക്ക് കേരളത്തിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മുൻതൂക്കം. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാർഡുകളിൽ 16 എണ്ണം എൽഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോൾ ഒരിടത്ത് ബിജെപിയും ജയിച്ചു.
തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനിലടക്കം 16 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. നിർണായക വിജയം നേടി പിറവം നഗരസഭയും നിലനിർത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി ഡിവിഷൻ എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തപ്പോൾ പാലക്കാട് എരിമയൂർ സീറ്റിൽ സിപിഎം വിമതസ്ഥാനാർത്ഥി അപ്രതീക്ഷിത വിജയം നേടി.
കൊച്ചി കോർപ്പറേഷനിലെ 63ആം ഡിവിഷനായ ഗാന്ധിനഗർ ഭൂരിപക്ഷം അഞ്ചിരട്ടിയായി ഉയർത്തിയാണ് എൽഡിഎഫിന്‍റെ ജയം. സിപിഎം സ്ഥാനാർത്ഥി ബിന്ദു ശിവൻ 2,950 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് കിട്ടിയത് 2,263 വോട്ടുകൾ മാത്രം. കഴിഞ്ഞ തവണത്തെ 106 വോട്ടുകളിൽ നിന്നാണ് എൽഡിഎഫ് 687ലേക്ക് ഭൂരിപക്ഷം ഉയർത്തിയത്.
മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇവിടെ എൻഡിഎയുടെയും വിഫോർ കൊച്ചിയുടെയും പ്രകടനം ദയനീയമായി. കഴിഞ്ഞ തവണ 397 വോട്ട് കിട്ടിയിടത്ത് നിന്ന് എൻഡിഎ വോട്ടുകൾ 195ലേക്ക് ചുരുങ്ങി. 216 വോട്ടുണ്ടായിരുന്ന വിഫോർ കൊച്ചി ഇത്തവണ 30 വോട്ടിലൊതുങ്ങി. ജയത്തോടെ 74 അംഗ കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന് അഞ്ച് അംഗങ്ങളുടെ ഭൂരിപക്ഷമായി. ഇടപ്പള്ളിച്ചിറ ഡിവിഷനിൽ വിജയിച്ചതോടെ പിറവം നഗരസഭയിൽ എൽഡിഎഫിന് ഭരണം തുടരാനുള്ള വഴി തുറന്നു.
14-ാം വാർഡായ ഇടപ്പള്ളിച്ചിറയിൽ സിപിഎം സ്ഥാനാർത്ഥി അജേഷ് മനോഹരന് 26 വോട്ടുകളുടെ ജയമാണുണ്ടായത്. എൽഡിഎഫ് 504 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ യുഡിഎഫിന് 478 വോട്ട്. എൻഡിഎയ്ക്ക് കിട്ടിയത് ആറ് വോട്ടുകൾ മാത്രം. ഇതോടെ 27അംഗ നഗരസഭയിൽ എൽഡിഎഫിന്‍റെ അംഗബലം 14 ആയി. ഉപതെരഞ്ഞെടുപ്പിന് മുന്പ് എൽഡിഎഫ് 13 - യുഡിഎഫിന് 13 എന്ന നിലയിലായിരുന്നു കക്ഷിനില.
ഒരു കൗൺസിലർ മരണപ്പെടുകയും, ഒരു കൗൺസിലർ സർക്കാർ ജോലി രാജിവയ്ക്കുകയും ചെയ്തതോടെ രണ്ട് തെരഞ്ഞെടുപ്പുകളാണ് പിറവത്ത് നടന്നത്. ഇതിൽ ആദ്യത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചിരുന്നു. ഇതോടെയാണ് കക്ഷിനില തുല്യമായതും എൽഡിഎഫ് ഭരണത്തിന് ഭീഷണി ഉയർന്നതും.