ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റേയും പത്നി മധുലിക റാവത്തിന്റേയും ഭൗതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും. നാളെ ഡല്‍ഹി കാന്റിലാണ് ശവസംസ്കാരം. ഇന്ന് രാവിലെ എട്ട് മണിക്ക് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിക്കും.
അതേസമയം, 13 പേരുടെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. ഇന്നലെ തന്നെ അപകടത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിരുന്നു. ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഇന്ന് ദേശിയ ദുഖാചരണമാണ്. അദ്ദേഹത്തിന്റെ സ്വദേശമായ ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.
ഊട്ടി കൂനൂരിനു സമീപത്ത് വച്ചാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 14 പേരില്‍ 13 പേരും മരണപ്പെട്ടപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്.