സംസ്ഥാനത്ത് 2022 ജനുവരി മൂന്ന് വരെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ വ്യാജ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും തടയുന്നതിനായി സംസ്ഥാനത്ത് 2022 ജനുവരി മൂന്ന് വരെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍.

ആഘോഷ വേളകളിലും അതിനു മുൻപും വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇവ തടയുന്നതിനായി അതിശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് കടത്തിക്കൊണ്ടു വന്ന് വ്യാജമദ്യ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും, ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേന മയക്കുമരുന്നുകളും മദ്യവും കടത്തുന്നതിനും, അതിര്‍ത്തി ജില്ലകളിലെ ചെക്‌പോസ്റ്റുകളിലൂടെയും നിരവധിയായ ചെറിയ പാതകളിലൂടെയും വ്യാജമദ്യം സംസ്ഥാനത്തിന് അകത്തേക്ക് കടത്തുന്നതിനും സാധ്യതയുണ്ട്.

സംസ്ഥാന അതിര്‍ത്തികളിലെ എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കാര്യക്ഷമമായി പരിശോധന നടത്തും. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ നേരിട്ട് ചെക്‌പോസ്റ്റുകള്‍ സന്ദര്‍ശിച്ച്‌ കാര്യക്ഷമമായ വാഹന പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

09-Dec-2021