മന്ത്രി മുഹമ്മദ് റിയാസിനെതിരേ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
അഡ്മിൻ
ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ ഉണ്ടായത് സിപിഎം നേതാക്കൾക്കെതിരായ അധിക്ഷേപങ്ങൾ. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി. മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു സെക്രട്ടറിയുടെ പ്രസംഗം.
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാൻ തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു. ''മുൻ ഡിവൈഎഫ്ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാൻ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം''അബ്ദുറഹിമാൻ കല്ലായി പറഞ്ഞു.
സ്വവർഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്നും അദ്ദേഹം ആരോപിച്ചു. സ്വവർഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോൾ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്ഐയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നവംബര്‍ ഒമ്പതിനാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാൻ തീരുമാനിച്ചത്. നേരത്തെ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. പള്ളികളിൽ നിന്നും പ്രതിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്നും സമസ്ത പിൻമാറിയത് ലീഗിന് ആഘാതമായിരുന്നു. അതിന് പിന്നാലെയാണ് വര്‍ഗീയ പരാമര്‍ശങ്ങളുമായി യോഗം സംഘടിപ്പിച്ചത്.