സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നു: സ്പീക്കര്‍
അഡ്മിൻ
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും അവസരസമത്വം, വിദ്യാഭ്യാസ പുരോഗതി എന്നിവ നേടിയെടുക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. കേരള ലെജസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെ-ലാംപ്സ്)- യൂണിസെഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ നടത്തിയ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗമനപരമായ നിയമനിര്‍മ്മാണ പ്രക്രിയയോടൊപ്പം തന്നെ കേരള സമൂഹം സ്ത്രീശാക്തീകരണത്തില്‍ മുന്നേറ്റം നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. അസമത്വവും അസഹിഷ്ണുതയും നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികളുടെ ഉന്നമനത്തില്‍ മാത്രമല്ല ലിംഗ സമത്വത്തിലും അനുബന്ധ വിഷയങ്ങളിലും യൂണിസെഫിന്റെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് സ്പീക്കര്‍ പറഞ്ഞു. രാജ്യത്ത് പലയിടത്തും ഇപ്പോഴും സ്ത്രീ-പുരുഷ അസമത്വം നിലനില്ക്കുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം വെല്ലുവിളി നിറഞ്ഞതായി തീര്‍ന്നിരിക്കുന്നു. ഈ ദുരവസ്ഥയെ മറികടക്കുവാന്‍ വിദ്യാസമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെ സാധിക്കുമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
മാനവ വികസന സൂചികയില്‍ കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണ്. സംസ്ഥാന/ദേശീയതല സെമിനാറുകളിലൂടെയും ഭരണഘടനാ ബോധവത്കരണ ക്ലാസുകളിലൂടെയും യൂണിസെഫുമായി സംയോജിച്ചുള്ള മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും യുവജനതയുടെ വീക്ഷണത്തിലും പ്രവര്‍ത്തിയിലും സാരമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും വര്‍ധിച്ച ഇക്കാലത്ത് അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും അതിനെ മറികടക്കുവാനും കഴിയണമെന്നും അതിനായി കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു. യൂണിസെഫ് ഇന്ത്യയുടെ സോഷ്യല്‍ പോളിസി, പ്ലാനിംഗ് ആന്‍ഡ് ഇവാല്വേഷന്സ് മേധാവി ഹ്വെയ്ന്‍ ഹീ ബാന്‍, യൂണിസെഫിന്റെ തമിഴ്നാട്-കേരള ഓഫീസ് സോഷ്യല്‍ പോളിസി മേധാവി കെ.എല്‍. റാവു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ അഭിനന്ദിച്ച ഹ്വെയ്ന്‍ ഹീ ബാന്‍, ആരോഗ്യ സംരക്ഷണ മേഖലയിലും പോഷകാഹാരം, ജലലഭ്യത, ശുചീകരണം എന്നീ മേഖലകളിലും ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യ മാതൃകയാണെന്നും സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്കായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും യൂണിസെഫിന്റെ പൂര്‍ണ്ണ സഹകരണം ഉറപ്പുവരുത്തുമെന്നും പറഞ്ഞു. ഇതിനായി കേരള നിയമസഭയുമായി യോജിച്ച് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു.
കൗമാരകാലത്തെ കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ചും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയായതിനെക്കുറിച്ചും കെ.എല്‍. റാവു സംസാരിച്ചു. കോവിഡ് കാലത്തെ കുട്ടികളുടെ മാനസികാരോഗ്യവും കാലാവസ്ഥാ വ്യതിയാനത്തിലൂടെയുണ്ടായ ബുദ്ധിമുട്ടുകളും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി. നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറി ആര്. കിഷോര്‍ കുമാര്‍ സ്വാഗതവും കെ-ലാംപ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
11-Dec-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ