കോഴിക്കോട് വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു
അഡ്മിൻ
കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾക്ക് എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടിയിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. ഈ മാസം 9ന് കോഴിക്കോട് ബീച്ചിലായിരുന്നു സമ്മേളനം. വിവിധ ജില്ലകളിൽ നിന്നായി എത്തിയ പതിനായിരക്കണക്കിന് പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എംഎൽഎ, ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം, തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനും തമിഴ്‌നാട് മുസ്‌ലിം ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ എം അബ്ദുറഹ്‌മാൻ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് എംഎൽഎ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കെ എം ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹ്‌മാൻ കല്ലായി, പി കെ ഫിറോസ്, എം സി മായിൻഹാജി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.