കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാനുള്ള പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കും: മന്ത്രി പി രാജീവ്.

കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഭാവിയെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കാലാവസ്ഥയിലെ മാറ്റം. ഇതിനു പരിഹാരമാകുന്ന സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സവിശേഷമായ പാരിസ്ഥിതിക മാനങ്ങളുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തിന്റെ പാരിസ്ഥിക പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവപരമായാണ് കാണുന്നതെന്നും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച്‌ പഠനം നടത്തുന്ന ഐപിസിസിയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം കേരളം സംങ്കീര്‍ണ്ണമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിലെ സങ്കീര്‍ണ്ണതകളെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ കെ വാസുദേവന്‍ പിള്ള, ഡോ എംടി മനോജ്, ബിനോ പി ബോണി എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.

12-Dec-2021